ബന്ധം വഷളാകുമ്പോൾ പീഡനം ആരോപിച്ച് പങ്കാളിക്കെതിരെ നൽകുന്ന പരാതി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി


കുറച്ചുകാലത്തെ ഒരുമിച്ചുളള ജീവിതത്തിന് ശേഷം ബന്ധം വഷളാകുമ്പോൾ പീഡനം ആരോപിച്ച് പങ്കാളിക്കെതിരെ നൽകുന്ന പരാതി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആവർത്തിച്ചുള്ള പീഡനം സംബന്ധിച്ച 376(2)എൻ വകുപ്പ് ബാധകമാകില്ലെന്നു വിശദീകരിച്ച കോടതി, സമാനമായ കേസിലെ പ്രതിക്കു മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. നേരത്തെ പ്രതിക്കു രാജസ്ഥാൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒരുമിച്ചു ജീവിച്ചപ്പോൾ കുട്ടി ജനിച്ചെങ്കിലും പങ്കാളി വിവാഹവാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് സ്ത്രീ പീഡനപരാതി നൽകിയത്. പ്രതിക്കെതിരെ ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇത് പ്രകാരമാണ് പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. 

എന്നാൽ, നാല് വർഷം ബന്ധം നീണ്ടെന്നും പരാതിക്കാരിക്ക് 21 വയസുള്ളപ്പോഴാണ് ബന്ധം തുടങ്ങിയതെന്നും പരാതിക്കാരിയുടെ അഭിഭാഷകനും സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി പ്രതി മുഹമ്മദിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സമ്മതപ്രകാരമാണു യുവതി എതിർകക്ഷിക്കൊപ്പം ജീവിച്ചത്. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തങ്ങളുടെ നിരീക്ഷണങ്ങളെന്നും കേസന്വേഷണത്തെ അതു സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി.

You might also like

Most Viewed