ദ്രൗപതി മുർ‍മുവിനെ പിന്തുണയ്ക്കാൻ ഉദ്ധവ് താക്കറെ നിർ‍ബന്ധിതനായെന്ന് പ്രതിപക്ഷ സ്ഥാനാർ‍ഥി യശ്വന്ത് സിൻഹ


രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ‍ എൻഡിഎ സ്ഥാനാർ‍ഥി ദ്രൗപതി മുർ‍മുവിനെ പിന്തുണയ്ക്കാൻ ഉദ്ധവ് താക്കറെ നിർ‍ബന്ധിതനായെന്ന് പ്രതിപക്ഷ സ്ഥാനാർ‍ഥി യശ്വന്ത് സിൻ‍ഹ. പതിനാറോളം ശിവസേന എംപിമാരുടെ നിർ‍ബന്ധത്തിന് വഴങ്ങിയാണ് താക്കറെയുടെ തീരുമാനമെന്നും സിൻഹ പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യം തകർ‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ് കേന്ദ്ര സർ‍ക്കാർ‍. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് ഉൾ‍പ്പെടെയുള്ള കേന്ദ്ര ഏജൻ‍സികളെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സർ‍ക്കാരുകളെ താഴെയിറക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. 

മമതാ ബാനർ‍ജിയുടെ പിന്തുണ തനിക്കുണ്ട്. ആംആദ്മിയുടെ പിന്തുണ ആർ‍ക്കാണെന്ന് ഉടൻ വെളിപ്പെടുത്തും. പ്രതിപക്ഷത്തിന്‍റെ പൊതുസ്ഥാനാർ‍ഥിയെ തെരഞ്ഞെടുക്കാനുള്ള ചർ‍ച്ചകളിൽ‍ പങ്കെടുക്കാതിരുന്ന തെലങ്കാന രാഷ്ട്രീയ സമിതിയുടെ പിന്തുണ പോലും തനിക്കുണ്ടെന്നും സിൻഹ പറഞ്ഞു. ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ‍ വിജയ സാധ്യത കൂടുതലുള്ളത് എൻഡിഎ സ്ഥാനാർ‍ഥിക്കാണ്. പിന്തുണയ്ക്കുന്ന പാർ‍ട്ടികളുടെ എണ്ണം കണക്കുകൂട്ടിയാൽ‍ 60 ശതമാനം വോട്ടുകളും മുർ‍മുവിനും ലഭിക്കും.

You might also like

Most Viewed