അമർനാഥിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണം 17 ആയി

ജമ്മുകാഷ്മീരിലെ ഗുഹാക്ഷേത്രമായ അമർനാഥിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണം 17 ആയി. പരിക്കേറ്റ ഇരുപതിലധികം തീർത്ഥാടകരെ വ്യോമമാർഗം ആശുപത്രിയിലെത്തിച്ചു. മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാൽപ്പതിലേറെ പേരെ കാണാതായി. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണയുടെ നൂറോളം അംഗങ്ങൾ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ആണ് മേഘവിസ്‌ഫോടനം ഉണ്ടായത്.
മലവെള്ളപ്പാച്ചിലിൽ തീർഥാടകർക്ക് ഒരുക്കിയ ഭക്ഷണശാലകൾ ഒലിച്ചുപോയി. ഗുഹാക്ഷേത്രത്തിനു സമീപം വെള്ളപ്പൊക്കമുണ്ടായി. അടുത്തൊരു അറിയിപ്പുണ്ടാകുന്നതുവരെ അമർനാഥ് യാത്ര നിർത്തിവച്ചിരിക്കുകയാണ്.