വിമതര്‍ക്ക് ആശ്വാസം; അയോഗ്യത നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയമനുവദിച്ച് സുപ്രീംകോടതി

മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി തുടരുന്നതിനിടെ വിമത എംഎല്‍എമാര്‍ക്ക് ആശ്വാസമേകുന്ന നടപടിയുമായി സുപ്രീംകോടതി. വിമതര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ അയോഗ്യത നോട്ടീസയച്ച സംഭവത്തില്‍ മറുപടി നല്‍കാന്‍ ജൂലൈ 12 വരെ കോടതി സമയം അനുവദിച്ചു.
ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള 16 എംഎല്‍എമാര്‍ക്കാണ് മറുപടി നല്‍കാന്‍ കോടതി സമയം അനുവദിച്ചത്. മഹാരാഷ്ട്രയിലെ അയോഗ്യത നീക്കത്തിനെതിരെ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതസംഘമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഷിന്‍ഡെയ്ക്ക് പകരം അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ നേതാവായി നിയമിച്ചതിനെയും ഹര്‍ജി ചോദ്യം ചെയ്യുന്നു.സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അവിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള മഹാവികാസ് അഘാടി സര്‍ക്കാരിന്‍റെ ഹര്‍ജിയും കോടതി തള്ളിയിരുന്നു.