മാധ്യമപ്രവര്‍ത്തകന്‍ മൊഹമ്മദ് സുബൈര്‍ അറസ്റ്റില്‍; സത്യത്തിനെതിരെയുള്ള ആക്രമണമെന്ന് ശശി തരൂര്‍


രാജ്യത്തെ പ്രമുഖ ഫാക്ട് ചെക്കിങ്ങ് മാധ്യമമായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മൊഹമ്മദ് സുബൈര്‍ അറസ്റ്റില്‍. മതസ്പര്‍ദ്ധ വളര്‍ത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ഡല്‍ഹി പൊലീസാണ് മൊഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ ചോദ്യം ചെയ്യാനെന്ന വ്യാജേന ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയ മൊഹമ്മദ് സുബൈറിനെ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ പറഞ്ഞു. പല തവണ അഭ്യര്‍ത്ഥിച്ചിട്ടും എഫ്‌ഐആര്‍ കോപ്പി പോലും നല്‍കിയില്ലെന്ന് പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു.

'സ്‌പെഷ്യല്‍ സെല്‍' പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് മൊഹമ്മദ് സുബൈറിന്റെ അറസ്റ്റെന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രതികരണം. മൊഹമ്മദ് സുബൈറിനെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെട്ട് നാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് സത്യത്തിന് നേര്‍ക്കുള്ള ആക്രമണം ആണെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. 'തെറ്റായ വിവരങ്ങള്‍ നിറഞ്ഞ ഇന്നത്തെ സത്യാനന്തര രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇന്ത്യയില്‍ വസ്തുതാന്വേഷണമെന്ന നിര്‍ണായക സേവനമനുഷ്ടിക്കുന്നവരില്‍ ഒന്നാണ് ആള്‍ട്ട് ന്യൂസ്. ആര് സൃഷ്ടിച്ചെടുക്കുന്ന കളവിന്റേയും മറ നീക്കുന്നവരാണ് അവര്‍. മൊഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യല്‍ സത്യത്തിന് നേരെയുള്ള ആക്രമണമാണ്. അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയക്കേണ്ടതാണ്.' കോണ്‍ഗ്രസ് നേതാവ് ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിദ്വേഷ പ്രചരണങ്ങളെ തുറന്നുകാട്ടുന്നവരെ വേട്ടയാടുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.

മൊഹമ്മദ് സുബൈറിനെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. വ്യാജവാര്‍ത്തകള്‍ തുറന്നുകാണിക്കുന്നതിനെ മോദി സര്‍ക്കാര്‍ ഭയപ്പെടുന്നു. വിദ്വേഷ-വ്യാജ പ്രചരണ മെഷീന്‍ തുറന്നുകാട്ടപ്പെടുന്നതിന്റെ അരക്ഷിതാവസ്ഥയാണ് മോദി സര്‍ക്കാരിനെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു.

ലോകത്തിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള വസ്തുതാന്വേഷണ വാര്‍ത്താ മാധ്യമങ്ങളിലൊന്നാണ് ആള്‍ട്ട് ന്യൂസ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട് ന്യൂസ് 2017ലാണ് സ്ഥാപിതമാകുന്നത്. വര്‍ഗീയ കലാപങ്ങള്‍ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട ഒട്ടേറെ വ്യാജ വാര്‍ത്തകളും പോസ്റ്റുകളും ആള്‍ട്ട് ന്യൂസ് വസ്തുതാന്വേഷണത്തിലൂടെ തുറന്നുകാട്ടിയിട്ടുണ്ട്. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകരായ പ്രതീക് സിന്‍ഹയും മൊഹമ്മദ് സുബൈറും വര്‍ഷങ്ങളായി അധിക്ഷേപങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടുന്നുണ്ട്. തീവ്ര വലതുപക്ഷ സംഘടനങ്ങള്‍ ദീര്‍ഘനാളുകളായി ആള്‍ട്ട് ന്യൂസിനെ ലക്ഷ്യമിടുകയും ഇരുവര്‍ക്കുമെതിരെ കേസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു മാസം മുന്‍പ് യുപിയിലെ സീതാപൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതാണ് മൊഹമ്മദ് സുബൈറിനെതിരെയുള്ളവയില്‍ അവസാനത്തേത്. ഈ കേസിലേതിന് സമാനമായ വകുപ്പുകള്‍ ചുമത്തിയാണ് ഡല്‍ഹിയില്‍ മൊഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed