ദ്രൗപതി മുർമുവിന് ഇസെഡ് പ്ലസ് സുരക്ഷ

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് ഇസെഡ് പ്ലസ് സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുര്‍മുവിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷാതലമായ ഇസെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്.
ഒഡിഷയില്‍ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപതി മുര്‍മു. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്. 20 പേരുകള്‍ ചര്‍ച്ചയായതില്‍ നിന്നാണ് എന്‍ഡിഎ യോഗം ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്.
2000 മുതല്‍ 2004 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ ഗതാഗത മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 മേയ് 18 മുതല്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ഗവര്‍ണറാണ്.
പ്രതിപക്ഷത്തിന്‍റെ പൊതുസ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയാണ് മുര്‍മുവിനെതിരെ മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജിവച്ചതിന് ശേഷമാണ് സിന്‍ഹ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.