ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സാവകാശം തേടി സോണിയ ഗാന്ധി

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇഡി മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സാവകാശം തേടി സോണിയ ഗാന്ധി. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായതോടെയാണ് സോണിയ കൂടുതൽ സമയം തേടിയത്. സോണിയ ഗാന്ധി നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയിൽ കഴിയുന്നത്. നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനൽ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് സോണിയ ഗാന്ധിക്ക് ഇഡി നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എജെഎൽ കമ്പനിയെ സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തിൽ കള്ളപ്പണ ഇടപാടും വന്‍ നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.