ഡൽഹിയിൽ എട്ടു വയസുകാരനെ കൂട്ടുകാരൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി


ഡൽഹിയിലെ രോഹിണിയിൽ എട്ടു വയസുകാരനെ കൂട്ടുകാരൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് എട്ടു വയസുകാരനെ പതിമൂന്നുകാരൻ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. പ്രതിയായ കൗമാരക്കാരൻ പിടിയിലായി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിൽ വഴക്കുണ്ടായി. സംഭവത്തിനു ശേഷം എട്ടു വയസുകാരനോടു പ്രതികാരം ചെയ്യാൻ കൗമാരക്കാരൻ തീരുമാനിച്ചു. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ കാണാതായതിനെത്തുടർന്നു വീട്ടുകാർ പോലീസിനെ സമീപിച്ചു. സുഹൃത്തിനൊപ്പം വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് വീട്ടുകാർ അവസാനമായി കണ്ടത്. പ്രാഥമിക അന്വേഷണത്തിൽ കാര്യമായ വിവരം ലഭിച്ചില്ല. ഇതോടെ സുഹൃത്തിനെ പോലീസ് ചോദ്യംചെയ്തു.  ഇതോടെയാണ് കുട്ടിയെ കാട്ടിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന വിവരം പുറത്തുവന്നത്. 

കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നും ഫോണും തട്ടിയെടുത്തുവെന്നുമാണ് കൗമാരക്കാരൻ വെളിപ്പെടുത്തിയതെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (രോഹിണി) പ്രണവ് തായൽ പറഞ്ഞു. കുട്ടിയുടെ മൃതദേഹവും മൊബൈൽ ഫോണും സൊഹാതി ഗ്രാമത്തിലെ ഒരു കാട്ടുപ്രദേശത്തുനിന്നു കണ്ടെടുത്തു. പ്രതിയെ കൊലക്കുറ്റം ചുമത്തി ഒബ്സർവേഷൻ ഹോമിലേക്കു മാറ്റി. നേരത്തെ എട്ടു വയസുകാരന്‍റെ അമ്മയുടെ കുറച്ചു പണവും വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നിൽ കൗമാരക്കാരൻ ആണെന്നുള്ള സംശയവും ആരോപണവുമാണ് ഇരുവരും തമ്മിൽ വഴക്കുണ്ടാകാൻ കാരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed