ദക്ഷിണ കൊറിയ ആക്രമണത്തിനു ശ്രമിച്ചാൽ തീർത്തുകളയുമെന്ന് കിം ജോംഗ് ഉന്നിന്‍റെ സഹോദരി


ദക്ഷിണ കൊറിയൻ സൈന്യം ഏതെങ്കിലും രീതിയിൽ ആക്രമണത്തിനു ശ്രമിച്ചാൽ അണ്വായുധം ഉപയോഗിച്ചു അവരെ തീർത്തുകളയുമെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ സഹോദരി കിം യോ ജോംഗ്. കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയുടെ പ്രതിരോധ മേധാവി സുഹ് വൂക്ക് നടത്തിയ അഭിപ്രായത്തോടാണ് കിം യോ ജോംഗ് രോഷാകുലയായി പ്രതികരിച്ചത്. ഉത്തര കൊറിയ ഈ വർഷം ആയുധ പരീക്ഷണങ്ങൾ വീണ്ടും സജീവമാക്കിയിരുന്നു. 2017ന് ശേഷം കഴിഞ്ഞ മാസം ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണവും അവർ നടത്തി. ഇതിനെക്കുറിച്ച് സംസാരിക്കവേ, ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിക്കോട്ടെ, അവിടുത്ത ഏതു ലക്ഷ്യത്തെയും തകർക്കാൻ കഴിവുള്ള മിസൈലുകൾ കൊറിയൻ സൈന്യത്തിനുണ്ടെന്നു സു വുക്ക് പറഞ്ഞിരുന്നു. ഇതാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്. ഒരു ആണവ ശക്തിക്കെതിരേ ആക്രമണം നടത്താൻ കഴിയുമെന്ന രീതിയിൽ സു വൂക്ക് നടത്തിയ ഭ്രാന്തൻ പ്രതികരണം വളരെ വലിയ തെറ്റാണെന്നും കിം യോ ജോംഗ് കുറ്റപ്പെടുത്തി.

ദക്ഷിണ കൊറിയ ഞങ്ങളുമായി സൈനിക ഏറ്റുമുട്ടലിനു തീരുമാനിച്ചാൽ, ഞങ്ങളുടെ ആണവ പോരാട്ട സേന അനിവാര്യമായും അതിന്‍റെ കടമ നിർവഹിക്കേണ്ടിവരും- പ്യോങ്യാങ്ങിലെ പ്രധാന നയ ഉപദേഷ്ടാവായ കിം യോ ജോംഗ് പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ ദക്ഷിണി കൊറിയൻ സേനയ്ക്കു സന്പൂർണ നാശത്തിന്‍റെ ദയനീയ വിധി നേരിടേണ്ടി വരും. ദക്ഷിണ കൊറിയയെ തങ്ങളുടെ സൈന്യവുമായി താരതമ്യം ചെയ്യാനൊന്നുമില്ലെന്നും അവർ പരിഹസിച്ചു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കിം ജോംഗ് ഉന്നും നയതന്ത്രത്തിന്‍റെ വഴികളിലൂടെ നീങ്ങിയപ്പോൾ ഉത്തര കൊറിയ ദീർഘദൂരആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവച്ചിരുന്നു. എന്നാൽ, ഈ ചർച്ചകളും മറ്റും 2019ൽ പാളി. സ്ഥാപകൻ കിം ഇൽ സുംഗിന്‍റെ 110ആം ജന്മവാർഷികമാണ് ഉത്തര കൊറിയ ഈ മാസം ആഘോഷിക്കുന്നത്. നിലവിലെ നേതാവ് കിം ജോംഗ് ഉന്നന്‍റെ മുത്തച്ഛനാണ് കിം ഇൽ സുംഗ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed