ഹിജാബ് ധരിക്കുന്നത് മൗലികാവകാശം; കോളേജ് അധികൃതർക്കെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച് വിദ്യാർത്ഥിനി

ഉഡുപ്പിയിലെ പിയു കോളേജിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച് കോളേജിലെ വിദ്യാർത്ഥിനി. ഇന്ത്യന്‍ ഭരണ ഘടന പ്രകാരം ഒരാൾക്ക് സ്വന്തം മതം അനുശാസിക്കുന്നത് പോലെ ജീവിക്കാനവകാശമുണ്ടെന്നും ഹിജാബ് ധരിക്കുകയെന്നത് ഇസ്ലാമിൽ നിർബന്ധമാണെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയായ വിദ്യാർത്ഥിനിയുൾപ്പെടെയുള്ളവരെ ഹിജാബ് ഒഴിവാക്കാത്തതിനാൽ അധികൃതർ ക്ലാസുകളിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഒരു മാസമായിട്ടും ഇവർക്ക് ഇതുവരെ ക്ലാസിൽ കയറാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നേരത്തെ സംഭവത്തിൽ പ്രതികരണവുമായി കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് രംഗത്തെത്തിയിരുന്നു. മുപ്പത് വർഷത്തോളമായി കോളേജിലെ യൂണിഫോം ചട്ടം നിലവിലുണ്ടെന്നും അന്നൊെന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതകേന്ദ്രങ്ങളല്ലെന്നും ഹിജാബ് ധരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ∍പ്രശ്നങ്ങളൊന്നുമില്ലാതെ നൂറിലധികം മുസ്ലിം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. സ്കൂളുകളും കോളേജുകളും മതകേന്ദ്രങ്ങളല്ല. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കുന്നത് അച്ചടക്കമില്ലായ്ക്ക് തുല്യമാണ്. കാരണം മറ്റ് വിദ്യാർത്ഥികളും സമാനമായ ഇളവുകൾ പ്രതീക്ഷിക്കും,∍ ബി സി നാഗേഷ് പറഞ്ഞു.
ജനുവരി ഒന്നു മുതലാണ് ഉഡുപ്പിയിലെ പിയു കോളേജിൽ ഹിജാബ് വിവാദം ഉടലെടുത്തത്. ഹിജാബ് ധരിച്ച ആറു പെൺകുട്ടികളെ അധികൃതർ ക്ലാസിൽ നിന്നു പുറത്താക്കി. ഹിജാബ് യൂണിഫോം ചട്ടത്തിനെതിരാണെന്ന് പറഞ്ഞായിരുന്നു അധികൃതരുടെ വിലക്ക്, ഇതിനെതിരെ വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുകയും ചെയ്തു. ഹിജാബ് ധരിക്കുന്നത് തങ്ങളുടെ അടിസ്ഥാന അവകാശമാണെന്നും അത് തടയാൻ കോളേജിനധികാരമില്ലെന്നും വിദ്യാർത്ഥിനികൾ പറയുന്നു. എന്നാൽ ക്യാന്പസിൽ ഹിജാബ് ധരിക്കാമെന്നും ക്ലാസുകളിൽ ഹിജാബ് ധരിച്ച് കയറാൻ പറ്റില്ലെന്നുമുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് കോളേജ് അധികൃതർ. വിദ്യാർത്ഥിനികൾ ഇപ്പോഴും ക്ലാസിന് പുറത്താണ്.