വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

പാന്പിനെ പിടികൂടുന്നതിനിടെ മൂർഖന്‍റെ കടിയേറ്റ വാവ സുരേഷിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലായി. തലച്ചോറിന്‍റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കുറിച്ചി വാണിയപ്പുരയ്ക്കൽ ജലധരന്‍റെ വീട്ടിലെ കാലിത്തൊഴുത്തിനു സമീപത്തെ കരിങ്കല്ലുകൾക്കിടയിലിരുന്ന മൂർഖൻപാന്പിനെ പിടികൂടി ചാക്കിൽ കയറ്റുന്നതിനിടെയാണു കടിയേറ്റത്. കടിയേറ്റതിനെതുടർന്ന് പിടിവിട്ടുപോയ പാന്പിനെ വീണ്ടും പിടിച്ചു മറ്റൊരു പാത്രത്തിലാക്കിയതിനു ശേഷമാണ് വാവ സുരേഷ് ആശുപത്രിയിലേക്കു പോയത്.
ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലെ വെന്‍റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. ഇതിനുമുന്പും പലതവണ വാവ സുരേഷിന് പാന്പിന്‍റെ കടിയേറ്റിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിൽനിന്ന് അണലിയെ പിടികൂടുന്നതിനിടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരാഴ്ചയോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
അതേസമയം വാവാ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വാവാ സുരേഷിന് എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവാ സുരേഷിന്‍റെ ആരോഗ്യ നിലയെ കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു.