പാർലമെന്റ് ബജറ്റ്−2022ന് ഡൽഹിയിൽ തുടക്കമായി

പാർലമെന്റിന്റെ 2022−23 വർഷത്തേക്കുള്ള ബജറ്റ് സമ്മേളനത്തിന് ഡൽഹിയിൽ തുടക്കമായി. ഡോ ബി ആർ അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നതെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. കൊവിഡിനെതിരെ പോരാടിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും നമിക്കുന്നു. അടുത്ത 25 വർഷത്തെ വികസനത്തിനുള്ള ദർശനം മുന്നോട്ടു വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. കൊവിഡ് നേരിടാൻ എല്ലാവരും ഒരു സംഘമായി നിന്ന് പൊരുതി.
സർക്കാരും പൗരന്മാരും ഐക്യത്തോടെ നിന്ന് പൊരുതിയത് ജനാധപത്യത്തിന്റെ വിജയമാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് 150 കോടി വാക്സിൻ ഡോസുകൾ നൽകാൻ കഴിഞ്ഞു. 70 ശതമാനം പേർ രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചു. കൗമാരക്കാർക്കുള്ള വാക്സിനേഷൻ തുടങ്ങാൻ കഴിഞ്ഞു. കരുതൽ ഡോസും നൽകി തുടങ്ങി. ഇന്ത്യയിൽ തയ്യാറാക്കിയ വാക്സിനുകൾ ലോകത്തെയാകെ മഹാമാരി നേരിടാൻ സഹായിക്കും. ബിആർ അംബേദ്ക്കറുടെ തുല്യതയ്ക്കുള്ള നയമാണ് സർക്കാർ പിന്തുടരുന്നത്. കൊവിഡ് കാലത്ത് പാവപ്പെട്ടവർക്ക് എല്ലാവർക്കും സൗജന്യ ഭക്ഷണം നൽകാനായി.
19 മാസം കൊണ്ട് 260000 കോടി രൂപ മുടക്കി 80 കോടിയിലധികം പേർക്ക് സൗജന്യ ഭക്ഷ്യ ധാന്യം നൽകി. ഈ സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി 2022 മാർച്ച് 31 വരെ നീട്ടിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രണ്ടു കോടി വീടുകൾ പാവപ്പെട്ടവർക്ക് നിർമ്മിച്ചു നൽകി. ഹർ ഘർ ജൽ എന്ന പേരിൽ എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നു. കാർഷിക രംഗത്തെ വികസനങ്ങൾക്ക് കാരണം ചെറുകിട കർഷകരുടെ അധ്വാനം. 11 കോടി കർഷകർക്ക് കിസാൻ സമ്മാൻ നിധി പ്രകാരം 6000 രൂപ വീതം പ്രതിവർഷം നൽകി.
നദീസംയോജന പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് രാഷ്ട്രപതി. മഹിളാ ശാക്തീകരണം സർക്കാരിൻറെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ്. സ്ത്രീകളുടെ വിവാഹ പ്രായം 21 വയസ്സാക്കി ഉയർത്താനുള്ള ബില്ല് പരാമർശിച്ചു കൊണ്ടാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. മുത്തലാഖ് നിരോധിക്കാനുള്ള നിയമവും വനിതാ ശാക്തീകരണത്തിനായിരുന്നുവെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു. അതേസമയം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം പെഗാസസ് വിഷയം ഉന്നയിച്ച് പ്രതിഷേധിച്ചു.