മോഫിയയുടെ ആത്മഹത്യ; ഭർത്താവ് സുഹൈലിന് ജാമ്യം

ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവീന്‍ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും, രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ മാതാപിതാക്കൾ റുഖിയ, യൂസഫ് എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. നവംബർ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പർവീണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നു. പരാതി നൽകാൻ എത്തിയപ്പോൾ സിഐ അപമാനിച്ചതായും അസഭ്യം പറഞ്ഞെന്നുമായിരുന്നു ആത്മഹത്യ കുറിപ്പിൽ ചൂണ്ടിക്കാട്ടിയത്.
മരണത്തിന് എട്ട് മാസങ്ങൾക്ക് മുന്‍പാണ് മോഫിയ പർവീണിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് മോഫിയയും സുഹൈലും തമ്മിൽ പ്രശ്‌നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്യുകയായിരുന്നു.