കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന സൂചന നൽകി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഉപഭോഗം കൂടിയ സമയത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്നാണ് വകുപ്പ് മന്ത്രി നൽകുന്ന മുന്നറിയിപ്പ്. ഇത് സംബന്ധിച്ച ശുപാർശ കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് കൈമാറി. വൈകുന്നേരം ആറുമണി മുതൽ പത്ത് വരെയുള്ള പീക്ക് അവർ സമയത്ത് വൈദ്യുതി നിരക്ക് കൂട്ടാനാണ് ശുപാർശ. പൊതുവായി യൂണിറ്റിന് ഒരു രൂപ വരെ വർധിപ്പിക്കാനും നിർദേശമുണ്ട്.
എന്നാൽ, വൈദ്യുതി നിരക്ക് സംബന്ധിച്ച എന്തു തീരുമാനവും മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും കൈക്കൊള്ളുകയെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പാലക്കാട് മാധ്യമങ്ങളോട് പ്രതികരിച്ചു. കുറേ കാലമായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയിട്ടില്ലെന്നും മന്ത്രി ഇതിനോടൊപ്പം ചൂണ്ടിക്കാട്ടുന്നു.