രാഷ്ട്രപിതാവിനെ അപമാനിച്ച് വീണ്ടും കങ്കണ റണാവത്ത്


മുംബൈ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ആക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. സ്വാതന്ത്ര്യമല്ല, മറിച്ച് ഭിക്ഷയാണ് ഗാന്ധിയുടെ അഹിംസാമാര്‍ഗംകൊണ്ട് രാജ്യത്തിനു നേടിത്തന്നതെന്നാണ് കങ്കണയുടെ പരാമർശം. ആരെങ്കിലും ചെകിടത്ത് അടിച്ചാൽ മറു കരണം കൂടി കാണിച്ചുകൊടുക്കണമെന്ന് പഠിപ്പിച്ചത് ഇവരാണ്. എന്നാൽ സ്വാതന്ത്ര്യം ലഭിക്കുന്നത് അങ്ങനെയല്ല. അത് വെറും ഭിക്ഷ മാത്രമാണ്. രാജ്യത്തിന്‍റെ നായകൻമാരെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്നും കങ്കണ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞു. ഭഗത് സിംഗിനേയും സുഭാഷ് ചന്ദ്രബോസിനേയും ഗാന്ധി ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും അതോടൊപ്പം ഗാന്ധിയും നെഹ്‌റുവും ജിന്നയും ചേര്‍ന്ന് ബ്രിട്ടീഷുകാരുമായി നേതാജിയെ കുടുക്കാന്‍ ഉടമ്പടിയിലെത്തിയെന്നും കങ്കണ പറയുന്നു. ഭഗത് സിംഗിനെ തൂക്കിലേറ്റാന്‍ ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നെന്നും, ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയതെന്നും കങ്കണ പറയുന്നു. അതേസമയം, രാഷ്ട്രപിതാവിനെ അപമാനിച്ച കങ്കണയ്ക്കെതിരേ കേസെടുക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ആവശ്യപ്പെട്ടു. താരത്തിനെതിരേ മുംബൈ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചതായും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോള പറഞ്ഞു.

You might also like

Most Viewed