നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് പരീക്ഷാഫല പ്രഖ്യാപനത്തിൽ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, സഞ്ജീവ് ഖന്ന, ബി.ആർ ഗവായ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
എംബിബിഎസ് പ്രവേശനത്തിനായി നടത്തുന്ന അഖിലേന്ത്യ എൻട്രൻസ് പരിക്ഷയുടെ ഫലം പ്രസിദ്ധീകരിക്കണമെന്നാണ് ദേശീയ ടെസ്റ്റിങ് ഏജൻസിക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്. മഹാരാഷ്‌ട്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നടന്ന ആശയക്കുഴപ്പത്തെ തുടർന്ന് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഫല പ്രസിദ്ധീകരണം ബോംബെ ഹൈക്കോടതി േസ്റ്റ ചെയ്തിരുന്നത്. എന്നാൽ ഈ ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീംകോടതി ദേശീയ ടെസ്റ്റിങ് ഏജൻസിക്ക് ഫലം പ്രഖ്യാപിക്കാവുന്നതാണെന്ന് വ്യക്തമാക്കി.
മഹാരാഷ്‌ട്രയിലെ പരീക്ഷാ കേന്ദ്രത്തിൽ ഒഎംആർ ഷീറ്റും ചോദ്യപേപ്പറും കൂടിക്കലർന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് വിദ്യാർത്ഥികളായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഇവർക്ക് രണ്ടാമതും പരീക്ഷ നടത്താനും അതുവരെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്നുമായിരുന്നു ഹൈക്കോടതി വിധി. രണ്ട് വിദ്യാർത്ഥികളുടെ പരീക്ഷയ്‌ക്ക് ശേഷം ആദ്യ പരീക്ഷയുടെ ഫലത്തിനൊപ്പം ഇവരുടെ പരീക്ഷാഫലവും പ്രഖ്യാപിക്കാനും കോടതി ആവശ്യപ്പെട്ടു. എന്നാൽ വിധിക്കെതിരെ ദേശീയ ടെസ്റ്റിങ് ഏജൻസി സുപ്രീംകോടതിയെ സമീപിച്ചതോടെ ഫലം പ്രഖ്യാപിക്കാൻ അനുമതി ലഭിക്കുകയാണ് ഉണ്ടായത്.
രണ്ട് വിദ്യാർത്ഥികൾക്ക് സംഭവിച്ച കാര്യത്തിൽ ദീപാവലി അവധിക്ക് ശേഷം തീരുമാനമെടുക്കുമെന്നും അതുവരെ 16 ലക്ഷം കുട്ടികളുടെ ഫലം തടഞ്ഞുവെയ്‌ക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സെപ്റ്റംബർ 12നായിരുന്നു നീറ്റ് പരീക്ഷ നടന്നത്.