വർണവെറിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച സംഭവം; മാപ്പ് ചോദിച്ച് ക്വിന്റൺ ഡികോക്ക്

വർണവെറിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിൻ്റൺ ഡികോക്ക്. വിഷയത്തിൽ സഹതാരങ്ങളോടും ആരാധകരോടും മാപ്പ് ചോദിച്ച ഡികോക്ക് വംശീയവാദി എന്ന് തന്നെ വിളിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. വാർത്താകുറിപ്പിലൂടെയാണ് ഡികോക്കിൻ്റെ മാപ്പപേക്ഷ.
സംശീയതക്കെതിരെ നിലകൊള്ളേണ്ടതിൻ്റെ പ്രാധാന്യം തനിക്കറിയാമെന്ന് ഡികോക്ക് പറയുന്നു. കളിക്കാർ എന്ന നിലയിൽ മാതൃക കാണിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഞങ്ങളിലുണ്ട്. ഞാൻ മുട്ടിൽ നിൽക്കുന്നതിലൂടെ ഈ വിഷയത്തിൽ ആരെയെങ്കിലും ബോധവത്കരിക്കാൻ കഴിയുമെങ്കിൽ, മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യാൻ സന്തോഷമേയുള്ളു. വെസ്റ്റ് ഇൻഡീസിന് എതിരെ കളിക്കാതിരുന്ന് ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടല്ല. അവിവേകി, സ്വാർഥൻ, പക്വതയില്ലാത്തവൻ എന്ന വിളികളൊന്നും എന്നെ വേദനിപ്പിക്കില്ല. പക്ഷേ തെറ്റിദ്ധാരണയുടെ പുറത്ത് വംശീയവാദി എന്ന് വിളിക്കരുത്. അതെന്നെ ആഴത്തിൽ വേദനിപ്പിക്കുന്നു. എന്റെ കുടുംബത്തെയും ഗർഭിണിയായ എന്റെ ഭാര്യയെയും വേദനിപ്പിക്കുന്നു എന്നും ഡികോക്ക് പറഞ്ഞു.
ഇങ്ങനെ ചെയ്യണമെന്ന് പറയുന്നതിലൂടെ തൻ്റെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്ന് തോന്നി എന്നും ഡികോക്ക് പറഞ്ഞു. തോന്നുന്നത് ചെയ്യാനുള്ള അവകാശമുണ്ടെന്നായിരുന്നു നേരത്തെ പറഞ്ഞത്. മുട്ടിൽ നിൽക്കുന്നതിലൂടെ വർണവെറിക്കെതിരെ എങ്ങനെയാണ് ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്നത് തനിക്ക് മനസ്സിലായിരുന്നില്ല എന്നും ഡികോക്ക് പറഞ്ഞു. സംഭവത്തിൽ മാപ്പ് പറഞ്ഞതിനാൽ ഡികോക്ക് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരങ്ങളിൽ കളിച്ചേക്കും.