ഡൽഹിയിൽ അറസ്റ്റിലായ ഭീകരർക്ക് പാക്കിസ്ഥാനിൽ 15 ദിവസം പരിശീലനം കിട്ടിയതായി റിപ്പോർട്ടുകൾ


ന്യൂഡൽഹി: ഡൽഹിയിൽ അറസ്റ്റിലായ ഭീകരർക്ക് പാക്കിസ്ഥാനിൽ 15 ദിവസം പരിശീലനം കിട്ടിയതായി റിപ്പോർട്ടുകൾ. ഒസാമ, ജാവേദ് എന്നിവർക്കാണ് പാക്കിസ്ഥാനിൽ പരിശീലനം കിട്ടിയത്. പാക്കിസ്ഥാൻ സൈന്യത്തിന്‍റെ വേഷം ധരിച്ചവരാണ് പരിശീലനം നൽകിയതെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്. പരിശീലനം ലഭിച്ചവരിൽ കൂടുതൽ പേരും ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നാണ് സംശയം. ബംഗ്ലാദേശികളെന്ന് കരുതുന്ന 15 പേർ പരിശീലനത്തിൽ ഉണ്ടായിരുന്നു. ചിലർ ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നതായും ഡൽഹി പോലീസിന്‍റെ സ്പെഷൽ സെൽ പറയുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ട ഭീകരരെയാണ് കഴിഞ്ഞദിവസം ഡൽഹി പോലീസിന്‍റെ സ്പെഷൽ സെൽ പിടികൂടിയത്. ഡൽഹി ജാമിയ നഗർ സ്വദേശി ഒസാമ (22), മുംബൈ സ്വദേശി മൊഹമ്മദ് ഷെയിഖ് (47), ഉത്തർപ്രദേശ് സ്വദേശികളായ സീഷാൻ ഖ്വാമർ (പ്രയാഗ്‌രാജ് −28), മുഹമ്മദ് അബൂബക്കർ (ബഹ്റൈച്ച് −23), മൂൽചന്ദ് എന്ന ലാല ( റായ്ബറേലി −47), മുഹമ്മദ് ആമിർ ജാവേദ് (ലക്‌നൗ −31) എന്നിവരാണ് പിടിയിലായത്. 

ഒരാൾ രാജസ്ഥാനിലെ കോട്ടയിലും, രണ്ടു പേർ ഡൽഹിയിലും, മൂന്നുപേർ ഉത്തർപ്രദേശിൽ നിന്നുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മാരക സ്‌ഫോടന ശക്തിയുള്ള രണ്ട് കിലോ ആർ ഡി എക്‌സും രണ്ട് ഗ്രനേഡുകളും രണ്ട് ഐ ഇ ഡിയും (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഒരു ഇറ്റാലിയൻ പിസ്റ്റലും കണ്ടെടുത്തിരുന്നു. ഒസാമ, ജാവേദ് എന്നിവർ മസ്ക്കറ്റ് വഴിയാണ് പാക്കിസ്ഥാനിൽ എത്തി പരിശീലനം നേടിയത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്‍റെ സഹോദരൻ അനീസുമായി ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐ ഇവർക്ക് പണം എത്തിച്ചതിന്‍റെ തെളിവുകൾ ലഭിച്ചതായി പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed