ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗത്തിന് പിന്നില്‍?
അമരാവതി: ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗബാധയ്ക്ക് പിന്നിൽ കീടനാശിനിയിലെ രാസവസ്തുവെന്ന് റിപ്പോർട്ട്. പരിശോധനാ റിപ്പോർട്ടുകളുടെ പ്രാഥമിക വിശകലനത്തിനൊടുവിലാണ് വിദഗ്ധർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഇക്കാര്യം വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മെഡിക്കൽ, ശാസ്ത്ര വിദഗ്ധർ അറിയിച്ചു.
കിടനീശിനിയിലും മറ്റുമുള്ള ഓർഗാനോക്ലോറിൻ എന്ന ഘടകമാണോ ആളുകൾ കുഴഞ്ഞു വീഴുന്ന രോഗത്തിന് പിന്നിലെന്നാണ് വിദഗ്ധർ സംശയിക്കുന്നത്. കീടനാശിനികളിലും കൊതുക് നശീകരണികളിലും വ്യാപകമായി ഉപയോഗിക്കുന്ന ഘടകമാണ് ഓർഗാനോക്ലോറിൻ. രോഗകാരണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് നിന്നും വെള്ളത്തിന്റേയും പാലിന്റേയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഘനലോഹത്തിന്റെ അംശം ഇവയിൽ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്.
ആന്ധ്രാ പ്രദേശിലെ ഏലൂരിൽ കഴിഞ്ഞ ദിവസങ്ങളിലായാണ് അജ്ഞാത രോഗ ബാധ ആരംഭിച്ചത്. നിലവിൽ പ്രദേശത്തെ 450 ഓളം ആളുകളെ അജ്ഞാത രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. അപസ്മാരം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികളിൽ പ്രകടമാകുന്നത്. ഇവ പ്രകടമായാൽ രോഗബാധിതർ പൂർണ്ണമായും അബോധാവസ്ഥയിലേക്ക് എത്തുകയാണ്.




