ആഗോളതലത്തില്‍ ആശങ്ക ഉയര്‍ത്തുന്ന 9 രാജ്യങ്ങളെ പ്രഖ്യാപിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: ആഗോളതലത്തിലെ മത ഭീകരതയുടേയും മതനിന്ദയുടേയും കേന്ദ്രങ്ങളെ പ്രഖ്യാപിച്ച് അമേരിക്ക. ഏഷ്യയിലെ ഏറ്റവും ആശങ്കയുയര്‍ത്തുന്ന രാജ്യങ്ങളായി ചൈനയും പാകിസ്താനുമടക്കം ഒന്‍പത് രാജ്യങ്ങളെ അമേരിക്ക പ്രഖ്യാപിച്ചു.
ആഗോളതലത്തിലെ ഭീകരകേന്ദ്രങ്ങളും മതമൗലികവാദ കേന്ദ്രങ്ങളും മതനന്യൂനപക്ഷ പീഡനങ്ങളും നടത്തുന്ന രാജ്യങ്ങളെ മേഖല തിരിച്ച് രേഖപ്പെടുത്തിയ പുതിയ പട്ടികയിലാണ് ചൈനയും പാകിസ്താനുംഉള്‍പ്പെട്ടത്. ട്രംപ് ഭരണകൂടം കാലാവധി പൂര്‍ത്തിയാക്കും മുമ്പുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശകലനവും തുടര്‍പ്രവര്‍ത്തനങ്ങളുടേയും ഭാഗമായാണ് പട്ടിക തയ്യാറാക്കിയത്. ചൈന, പാകിസ്താന്‍, എറിത്രിയ, നൈജീരിയ, മ്യാന്‍മാര്‍, വടക്കന്‍ കൊറിയ, സൗദി അറേബ്യ, താജികിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍ എന്നീ രാജ്യങ്ങളാണ് പുതിയ പട്ടികയിലുള്ളത്. 1988ലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ നിയമത്തിനെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളെന്ന പട്ടികയാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളെല്ലാം നിരന്തരം അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നവരാണ്. ഇവരെല്ലാം ഭരണകൂടങ്ങള്‍ അറിഞ്ഞ് അസഹിഷ്ണുതാ പരമായും നിരന്തരമായും മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും മതമൗലികവാദികള്‍ക്ക് സഹായങ്ങളും ചെയ്യുന്നതായും മൈക്ക് പോംപിയോ വെളിപ്പെടുത്തി. 2019ല്‍ പാകിസ്താനേയും സൗദി അറേബ്യയേയും താജികിസ്താനേയും അമേരിക്ക പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
രാജ്യങ്ങള്‍ക്കൊപ്പം നിരവധി മതഭീകരസംഘടനകളേയും അമേരിക്ക പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. അല്‍-ഷാബ്, അല്‍-ഖ്വയ്ദ, ബോക്കോ ഹറാം , ഹയാത് താഹിര്‍ അല്‍ ഷാം, ഐ.എസും അവരുടെ ആഫിക്കയിലും അനുബന്ധ സംഘടനകളും, ജമാഅത് നസര്‍ അല്‍ ഇസ്ലാം വല്‍ മുസ്ലിമിന്‍, താലിബാന്‍ എന്നിവരെയാണ് മതപീഡന സംഘടനകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാങ്ക് ആര്‍ വൂള്‍വ്‌സ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീദം ആക്ട് 2016 പ്രകാരമാണ് പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്.
2019കളില്‍ മതനിയമങ്ങളില്‍ അല്പം മയപ്പെട്ട പാകിസ്താന്‍ അസിയാ ബീബി എന്ന ക്രൈസ്തവ യുവതിക്ക് മതനിന്ദയുടെ പേരിലുള്ള വധശിക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പുറമേ കര്‍താര്‍പൂര്‍ തീര്‍ത്ഥയാത്ര പുനരാരംഭിച്ചും ഷവാലാ തേജാ ഗുരുദ്വാര തുറന്നും പാകിസ്താന്‍ അമേരിക്കയുടെ പ്രീതി പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ സിഖ് സമൂഹത്തിനെതിരേയും പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്കെതിരേയും നടക്കുന്ന പീഡനങ്ങള്‍ വീണ്ടും പാകിസ്താന് വിനയായി. പാകിസ്താനിലെ ക്രൈസ്തവരടക്കം കൂട്ടമതംമാറ്റത്തിന് വിധേയരാകുന്ന സംഭവത്തിലും ഭരണകൂടം നടപടികളെടുക്കാത്തതും വിലയിരുത്തിയാണ് അമേരിക്കയുടെ പുതിയ നടപടി.
ഉയിഗുറുകള്‍ക്കെതിരെ തുടരുന്ന മൃഗീയമായ അടിച്ചമര്‍ത്തലുകളും അടിമവേലകളുമാണ് ചൈന പട്ടികയില്‍ ഇടംപിടിക്കാന് പ്രധാനകാരണം. ഒപ്പം കസാഖ്, കിര്‍ഗിസ് വംശജരേയും നിരന്തരം അടിച്ചമര്‍ത്തുന്ന സംഭവങ്ങളും മതനിന്ദയുടെ ശക്തമായ തെളിവുകളായി പോംപിയോ ചൂണ്ടിക്കാട്ടി.




