ജെറ്റ്സീറോയുടെ 'Z4' വിമാനങ്ങൾ സ്വന്തമാക്കാൻ ഗൾഫ് എയർ; കരാറിൽ ഒപ്പുവെച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, അത്യാധുനിക സാങ്കേതികവിദ്യയിലുള്ള 'Z4' വിമാനങ്ങൾ സ്വന്തമാക്കുന്നതിനായി വിമാന നിർമ്മാണ കമ്പനിയായ ജെറ്റ്സീറോയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് 2030-കളുടെ തുടക്കത്തിൽ വിമാനങ്ങൾ മുൻഗണനാക്രമത്തിൽ ലഭ്യമാക്കുന്ന രീതിയിലുള്ള കരാറിൽ കമ്പനി ഒപ്പുവെച്ചത്.
ഏഴ് പതിറ്റാണ്ടിലേറെയായി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് ബഹ്‌റൈനിൽ നിന്നുള്ള പ്രധാന വ്യോമയാന സേവന ദാതാക്കളാണ് ഗൾഫ് എയർ. വിമാനക്കമ്പനിയുടെ നവീകരണത്തിന്റെയും നെറ്റ്‌വർക്ക് വികസനത്തിന്റെയും ഭാഗമായി, ദീർഘദൂര സർവീസുകളുടെ കാര്യക്ഷമതയും പാരിസ്ഥിതിക സുസ്ഥിരതയും യാത്രാനുഭവവും വർദ്ധിപ്പിക്കുന്നതിനാണ് പുതിയ തലമുറയിൽപ്പെട്ട ഇത്തരം വിമാനങ്ങളിൽ കമ്പനി നിക്ഷേപം നടത്തുന്നത്.
ഇന്ന് ലഭ്യമായ സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് 50 ശതമാനം വരെ കുറഞ്ഞ ഇന്ധന ഉപഭോഗം മാത്രമാണ് ഈ പുതിയ വിമാനങ്ങൾക്കുള്ളത്. ഒറ്റയടിക്ക് 5,000 നോട്ടിക്കൽ മൈൽ ദൂരം വരെ പറക്കാൻ ശേഷിയുള്ള ഈ വിമാനത്തിൽ 250 യാത്രക്കാർക്ക് സഞ്ചരിക്കാം. വിശാലമായ എൻട്രി വാതിലുകൾ, ആറ് ആന്തരിക കാബിനുകളിലേക്ക് നേരിട്ടുള്ള പ്രവേശനം, ഓരോ സീറ്റിനും പ്രത്യേകം ലഗേജ് സ്പേസ് എന്നിവ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നു.
വ്യോമയാന മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഗൾഫ് എയർ എപ്പോഴും മുന്നിലാണെന്ന് കമ്പനി സി.ഇ.ഒ മാർട്ടിൻ ഗൗസ് പറഞ്ഞു. 50 ശതമാനം വരെ ഇന്ധന ലാഭവും മികച്ച യാത്രാസൗകര്യവും നൽകുന്ന Z4 വിമാനങ്ങൾ ഈ രംഗത്ത് വലിയൊരു മാറ്റത്തിന് വഴിവെക്കുമെന്നും, സുസ്ഥിര വ്യോമയാന മേഖലയ്ക്കായുള്ള ജെറ്റ്സീറോയുടെ കാഴ്ചപ്പാടിൽ ഗൾഫ് എയറും പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിലെ പ്രീമിയം വ്യോമയാന സേവനങ്ങൾക്ക് Z4 വലിയ കരുത്താകുമെന്ന് ജെറ്റ്സീറോ സി.ഇ.ഒ ടോം ഒ ലിയറി വ്യക്തമാക്കി. സീറ്റ് ഒന്നിന് ആകുന്ന ചെലവ് കുറച്ച് കൂടുതൽ സർവീസുകൾ നടത്താൻ ഇത് ഗൾഫ് എയറിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള ഗ്രീൻസ്ബൊറോയിൽ 80 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള നിർമ്മാണ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ജെറ്റ്സീറോ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ഇവിടെ ആദ്യം നിർമ്മിക്കുന്ന വിമാനങ്ങൾ പരിശോധനകൾക്കും സർട്ടിഫിക്കേഷനുമായി ഉപയോഗിച്ച ശേഷം, 2030-കളുടെ ആരംഭത്തോടെ Z4 വിമാനങ്ങൾ ഔദ്യോഗികമായി സർവീസിലിറക്കും.
dsfdsf

