ഇറാനിയൻ ആക്രമണങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങൾ: റിപ്പോർട്ട് പുറത്തുവിട്ട് ബഹ്റൈൻ മനുഷ്യാവകാശ സംഘടന
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈന് നേരെ ഉണ്ടായ ഇറാനിയൻ ആക്രമണങ്ങൾ മൂലമുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും വ്യക്തമാക്കുന്ന പ്രത്യേക റിപ്പോർട്ട് ബഹ്റൈനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കി. എൻ.ഐ.എച്ച്.ആർ ചെയർപേഴ്സൺ, കമ്മീഷണർമാർ, സെക്രട്ടറി ജനറൽ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് റിപ്പോർട്ട് പരസ്യപ്പെടുത്തിയത്.
രാജ്യത്തെ ഭരണഘടനയും ദേശീയ നിയമങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും മുൻനിർത്തി, മനുഷ്യാവകാശ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനും ലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനുമുള്ള സ്ഥാപനത്തിന്റെ നിയമപരമായ അധികാര പരിധിയിൽ നിന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് എൻ.ഐ.എച്ച്.ആർ ചെയർപേഴ്‌സൺ എഞ്ചിനീയർ അലി അഹമ്മദ് അൽ ദേരാസി പറഞ്ഞു. ദേശീയ ഓർമ്മകൾ സംരക്ഷിക്കുന്നതിനും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും നടത്തിയ ശ്രമങ്ങൾ എടുത്തുകാണിക്കുന്നതിനും ഈ ആക്രമണങ്ങളെ നിയമപരവും മാനുഷികവുമായ കാഴ്ചപ്പാടിലൂടെ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മൊത്തം 12 അധ്യായങ്ങളുള്ള ഈ റിപ്പോർട്ടിൽ നിരീക്ഷണത്തിനും വിവരശേഖരണത്തിനുമായി ഉപയോഗിച്ച നിയമപരവും രീതിശാസ്ത്രപരവുമായ ചട്ടക്കൂടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം സർക്കാറിന്റെ ചുമതലകൾ, ആക്രമണങ്ങൾ മൂലമുണ്ടായ മാനുഷിക പ്രത്യാഘാതങ്ങൾ, നേരിട്ടുള്ള ഫീൽഡ് സന്ദർശനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ശേഖരിച്ച വിവരങ്ങൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, രാജാവിന്റെ ഉത്തരവ് പ്രകാരം രൂപീകരിച്ച 'കമ്മിറ്റി ഫോർ ഡോക്യുമെന്റിംഗ് ദി നാഷണൽ റെസിലിയൻസ് എപിക്' നടത്തുന്ന പ്രവർത്തനങ്ങളെയും പ്രതിസന്ധി ഘട്ടത്തിൽ ബഹ്‌റൈൻ ജനത കാണിച്ച ഐക്യദാർഢ്യത്തെയും അൽ ദേരാസി പ്രശംസിച്ചു.
ദേശീയ അന്തർദേശീയ തലങ്ങളിൽ സ്വീകരിക്കേണ്ട നടപടികളും മനുഷ്യാവകാശ സംരക്ഷണം ശക്തമാക്കുന്നതിനുള്ള പൊതുവായ ഘട്ടങ്ങളും ഉൾപ്പെടെ മൂന്ന് തലങ്ങളിലുള്ള ശുപാർശകളാണ് റിപ്പോർട്ടിൽ ഉള്ളതെന്ന് എൻ.ഐ.എച്ച്.ആർ വൈസ് ചെയർപേഴ്‌സൺ ഡോ. മലല്ല അൽ ഹമ്മാദി വ്യക്തമാക്കി. ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ച വിഭാഗങ്ങൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുക, അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ മേഖലയും കൂടുതൽ സുരക്ഷിതമാക്കുക, മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനും ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് നയതന്ത്ര-നിയമ വഴികൾ തേടുക എന്നിവയാണ് പ്രധാന ശുപാർശകൾ.
രാജ്യത്തുടനീളം ഈ ആക്രമണങ്ങൾ ഉണ്ടാക്കിയ നേരിട്ടുള്ളതും പരോക്ഷവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് റിപ്പോർട്ട് വിശദീകരിക്കുന്നതെന്ന് പൊതു അവകാശ വിമുക്തി സമിതി തലവൻ മുഹമ്മദ് ജുമാ ഫുസൈഅ വ്യക്തമാക്കി. പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ, അത്യാവശ്യ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ എന്നിവരെയാണ് ഇത് കൂടുതലായി ബാധിച്ചത്. ഔദ്യോഗിക വിവരങ്ങൾ, അന്താരാഷ്ട്ര രേഖകൾ, ഫീൽഡ് വിസിറ്റുകൾ, നേരിട്ടുള്ള അഭിമുഖങ്ങൾ എന്നിവ അടിസ്ഥാനമാക്കി കൃത്യത, സുതാര്യത, നിഷ്പക്ഷത എന്നിവ ഉറപ്പുവരുത്തിയാണ് വിവര ശേഖരണം നടത്തിയത്.
മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നിയമങ്ങളോടുള്ള ആദരവ് ശക്തിപ്പെടുത്തുന്നതിനുമുള്ള ദേശീയ രേഖയായാണ് എൻ.ഐ.എച്ച്.ആർ ഈ റിപ്പോർട്ടിനെ വിശേഷിപ്പിച്ചത്. റിപ്പോർട്ടിന്റെ സമ്പൂർണ്ണ രൂപവും സംഗ്രഹവും അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ എൻ.ഐ.എച്ച്.ആർ വെബ്‌സൈറ്റിൽ ലഭ്യമാണ്.
knkl

