സ്വകാര്യ ആശുപത്രിയിൽ യുവതി മരിച്ച സംഭവം: അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ബഹ്റൈൻ എം.പി
പ്രദീപ് പുറവങ്കര
മനാമ: സ്വകാര്യ ആശുപത്രിയിൽ ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ അടിയന്തരവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് എം.പി മുഹമ്മദ് അൽ ജനാഹി ആവശ്യപ്പെട്ടു. രണ്ടു കുട്ടികളുടെ അമ്മയായ അസീസ് ജനാഹി എന്ന ബഹ്‌റൈനി യുവതിയാണ് 'മിനി ഗ്യാസ്ട്രിക് ബൈപാസ്' ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചത്. ചികിത്സയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്നാണ് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയോട് അന്വേഷണം നടത്താൻ എം.പി ആവശ്യപ്പെട്ടത്.
സംഭവത്തിന് പിന്നിലെ പൂർണ്ണ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും, വൈദ്യശാസ്ത്ര നിയമങ്ങൾ ലംഘിക്കുകയോ പരിചരണത്തിൽ വീഴ്ച വരുത്തുകയോ ചെയ്തതായി കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം അസീസയ്ക്ക് കഠിനമായ വേദനയും മറ്റ് ഗുരുതരമായ ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഒന്നിലധികം തവണ ആശുപത്രിയിലെത്തി പരാതിപ്പെട്ടെങ്കിലും, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സാധാരണ ലക്ഷണങ്ങളാണെന്ന് പറഞ്ഞ് അധികൃതർ ഇത് തള്ളിക്കളയുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
ആരോഗ്യനില പൂർണ്ണമായും സ്ഥിരത കൈവരിക്കുന്നതിന് മുൻപ് തന്നെ യുവതിയെ ഡിസ്ചാർജ് ചെയ്തെന്നും, പിന്നീട് ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം നൽകിയ പരിചരണത്തിൽ സംശയങ്ങളുണ്ടെന്നും, ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്ന് കുടുംബത്തിന്റെ വാദങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും അൽ ജനാഹി ചൂണ്ടിക്കാട്ടി. കൃത്യസമയത്ത് ആവശ്യമായ പരിചരണം ലഭിച്ചിരുന്നോ എന്നും ഇതിന് ഉത്തരവാദികൾ ആരാണെന്നും വ്യക്തമാക്കുന്ന സുതാര്യമായ അന്വേഷണം നടക്കണമെന്നും, സത്യം അറിയുക എന്നത് പൗരന്മാരുടെയും മരിച്ച യുവതിയുടെ കുടുംബത്തിന്റെയും മൗലികാവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സയിൽ പങ്കാളികളായ മുഴുവൻ മെഡിക്കൽ സംഘത്തെയും ചോദ്യം ചെയ്യണമെന്ന് എം.പി ആവശ്യപ്പെട്ടു. രോഗിയെ പരിചരിക്കുന്നതിൽ അശ്രദ്ധ കാണിക്കുകയോ സമയബന്ധിതമായി ഇടപെടുന്നതിൽ പരാജയപ്പെടുകയോ ചെയ്ത എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കർശനമായ പരിശോധനകൾ നടത്തണമെന്നും, ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജീവൻ രക്ഷിക്കുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടതെന്നും, ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികളിൽ ഗുരുതരമായ ലക്ഷണങ്ങൾ കാണുമ്പോൾ ആശുപത്രികൾ വേഗത്തിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രി പരിശോധനകളിലെ പോരായ്മകൾ പരിഹരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
jkj

