വാട്സാപ്പിന്റെ പുതിയ യൂസർ നെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ താൽക്കാലിക വിലക്ക്; ആശങ്ക വേണ്ടെന്ന് മെറ്റ


ഷീബ വിജയൻ

ഫോൺ നമ്പർ വെളിപ്പെടുത്താതെ മറ്റുള്ളവരുമായി സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്ന വാട്സാപ്പിന്റെ പുതിയ 'യൂസർ നെയിം' ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഈ ഫീച്ചർ ദുരുപയോഗം ചെയ്യപ്പെടാൻ വലിയ സാധ്യതയുണ്ടെന്ന സുരക്ഷാ മുന്നറിയിപ്പുകളെ തുടർന്നാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര ഇടപെടൽ. വിഷയം സംബന്ധിച്ച് കൂടുതൽ കൂടിയാലോചനകൾ നടക്കുന്നത് വരെ ഈ ഫീച്ചർ പുറത്തിറക്കരുതെന്ന് വാട്സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റയോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്. സൈബർ കുറ്റവാളികൾക്ക് സർക്കാർ വകുപ്പുകൾ, പൊതു ഉദ്യോഗസ്ഥർ, ബാങ്കുകൾ, മറ്റ് വിശ്വസനീയ സ്ഥാപനങ്ങൾ എന്നിവയുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ആൾമാറാട്ടവും തട്ടിപ്പും നടത്താൻ ഈ ഫീച്ചർ വഴിയൊരുക്കുമെന്നാണ് കേന്ദ്ര സർക്കാർ പങ്കുവെക്കുന്ന പ്രധാന ആശങ്ക. ഇത് ചൂണ്ടിക്കാട്ടി സർക്കാർ മെറ്റയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സുരക്ഷാ ആശങ്കകൾക്ക് മറുപടിയുമായി മെറ്റ രംഗത്തെത്തിയിട്ടുണ്ട്. വാട്സ്ആപ്പിൽ യൂസർ നെയിം എന്നത് നിർബന്ധമല്ലെന്നും അത് ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ മാത്രം തിരഞ്ഞെടുക്കാവുന്ന ഒന്നാണെന്നും മെറ്റ വിശദീകരിക്കുന്നു. മറ്റൊരാളുടെ യൂസർ നെയിം വാട്സ്ആപ്പിൽ സെർച്ച് ചെയ്ത് കണ്ടെത്താൻ കഴിയില്ലെന്നതിനാൽ ഫോൺ നമ്പറുകൾക്കുള്ള അതേ സ്വകാര്യത ഇതിനും ലഭിക്കും. കൂടാതെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി യൂസർ നെയിമിനൊപ്പം ഉപഭോക്താക്കൾക്ക് ഒരു പ്രത്യേക 'കീ' കൂടി നിശ്ചയിക്കാവുന്നതാണ്. ഈ യൂസർ നെയിമും കീയും അറിയാവുന്നവർക്ക് മാത്രമേ സന്ദേശങ്ങൾ അയക്കാൻ സാധിക്കൂ എന്നും, ഈ കീ എപ്പോൾ വേണമെങ്കിലും മാറ്റാൻ ഉപഭോക്താവിന് സ്വാതന്ത്ര്യമുണ്ടെന്നും മെറ്റ വ്യക്തമാക്കി.

article-image

qqwdeqwwq

You might also like

  • Lulu Exchange
  • Straight Forward

Most Viewed