മുംബൈയിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

മുംബൈ : മുംബൈയിൽ ഭീകരർ വൻ ആക്രമണത്തിന് പദ്ധതിയിട്ടതായി ഇന്റലിജൻസ് റിപ്പോർട്ട്. ഉത്സവ കാലത്ത് ഭീകരർ മുംബൈയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുന്നതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുംബൈയിൽ സുരക്ഷ ശക്തമാക്കി.
അടുത്ത മാസം ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഡ്രോണുകൾ, മിസൈലുകൾ, റിമോർട്ട് കൺട്രോളർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വിമാനം, എന്നിവയിലേതെങ്കിലും ഉപയോഗപ്പെടുത്തിയാകാം ഭീകരർ ആക്രമണം നടത്തുക. വിഐപികളുടെ താമസസ്ഥലങ്ങളും ഭീകരർ ലക്ഷ്യമിട്ടേക്കാമെന്നും ഇന്റലിജൻസ് വ്യക്തമാക്കുന്നു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമേ അടുത്ത മാസം 28 വരെ പ്രദേശത്ത് ഡ്രോണുകൾ, ചെറുവിമാനങ്ങൾ എന്നിവ പറപ്പിക്കുന്നതിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിലെല്ലാം കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് അധികൃതരുടെ തീരുമാനം.