ലിബിയയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ രക്ഷപെടുത്താൻ ശ്രമം തുടരുന്നു

ന്യൂഡൽഹി: ലിബിയയിൽ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ രക്ഷപെടുത്താൻ ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ആന്ധ്രപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് പേരെയാണ് കഴിഞ്ഞ മാസം 14ന് തട്ടിക്കൊണ്ടുപോയത്. നിർമാണ, എണ്ണ കന്പനികളിൽ ജോലിചെയ്യുന്ന തൊഴിലാളികളെയിരുന്നു ഇവർ. ഇന്ത്യയിലേക്ക് മടങ്ങാൻ ട്രിപ്പോളി വിമാനത്താവളത്തിലേക്കു വരുന്പോഴായിരുന്നു സംഭവം.
ഇവരെ രക്ഷപെടുത്താൻ ലിബിയൻ അധികാരികളും തൊഴിൽ ഉടമകളുമായി കൂടിയാലോചിച്ച് ശ്രമങ്ങൾ നടത്തി വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളെ തട്ടിക്കൊണ്ടു പോയവരെ തൊഴിൽ ഉടമ ബന്ധപ്പെട്ടുവെന്നും അവർ സുരക്ഷിതരാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ അയച്ചു നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.