ഭീ​മാ കൊ​റേ​ഗാ​വ് കേസ്: 83 വയസ്സുള്ള വൈദികൻ സ്റ്റാ​ൻ സ്വാ​മി​ അറസ്റ്റിൽ


ന്യൂഡൽഹി: ഭീമാ കൊറേഗാവ് കേസിൽ 83 വയസുള്ള സാമൂഹ്യപ്രവർത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാദർ സ്റ്റാൻ സ്വാമിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണു ഫാദർ സ്റ്റാൻ സ്വാമി. ജാർഖണ്ഡിൽ ആദിവാസികളുടെ ഇടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവാകാശ പ്രവർത്തകനായ ഇദ്ദേഹത്തെ റാഞ്ചിയിലെ ഓഫീസിൽ എത്തിയ എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാറന്‍റ് പോലും കാണിക്കാതെയാണ് അന്വേഷണ സംഘം അദ്ദേഹത്തെ കൊണ്ടുപോയതെന്നും എൻഐഎ ഉദ്യോഗസ്ഥർ സ്റ്റാൻ സ്വാമിയോട് മോശമായാണു പെരുമാറിയതെന്നും സഹപ്രവർത്തകർ പറഞ്ഞു.  

അഞ്ചു പതിറ്റാണ്ടായി ജാർഖണ്ഡിലെ ആദിവാസികളുടെ വന അവകാശങ്ങൾക്കും വേണ്ടിയും മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും ശബ്ദമുയർത്തികൊണ്ടിരിക്കുന്ന വ്യക്തിയാണു സ്റ്റാൻ സ്വാമി. ജാർഖണ്ഡിൽ ബിജെപി അധികാരത്തിലിരിക്കുന്ന സമയത്തു സ്വാമിയെയും സുഹൃത്തിനെയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഹേമന്ദ് സോറൻ സർക്കാർ കേസ് റദ്ദാക്കുകയായിരുന്നു. കേരളത്തിൽ ജനിച്ചു വളർന്ന സ്വാമി അഞ്ച് പതിറ്റാണ്ടായി ജാർഖണ്ഡിൽ ആദിവാസി മേഖലയിലാണ് പ്രവർത്തിച്ചിരുന്നത്. ഓപ്പറേഷൻ ഗ്രീൻ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികൾക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed