പ്രതിരോധ മന്ത്രാലയ വെബ്സൈറ്റിൽനിന്നു സൈനിക വിവരങ്ങൾ നീക്കി

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ സംഘർഷങ്ങൾക്കു പിന്നാലെ ഇന്ത്യൻ സൈന്യത്തിന്‍റെ വിവരങ്ങൾ പങ്കുവച്ചിരുന്ന റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രാലയ വെബ്സൈറ്റിൽനിന്നു നീക്കി. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടർന്നു ജൂണിലെ പ്രതിമാസ റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം ഓഗസ്റ്റിൽ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോർട്ടുകളും നീക്കിയിരിക്കുന്നത്. 2017−നു അതിനു മുന്പുള്ളവ നേരത്തെയും വെബ്സൈറ്റിൽ ലഭ്യമായിരുന്നില്ല.
2020 ജൂണിലെ റിപ്പോർട്ട് ഓഗസ്റ്റിൽ മന്ത്രാലയം എടുത്തുമാറ്റുകയായിരുന്നു. 2017 ലെ ദോക്ലാം പ്രതിസന്ധിയുടെ സമയത്തേത് ഉൾപ്പെടെ പിൻവലിച്ചവയിൽ ഉൾപ്പെടുന്നു. ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ കടന്നുകയറി നിലയുറപ്പിച്ചിരിക്കുന്നതു കേന്ദ്ര സർക്കാരിന്‍റെ പിടിപ്പുകേടാണെന്നു കോൺഗ്രസ് അതിശക്തമായ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണു കടന്നുകയറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നീക്കിയത്. ഇതേക്കുറിച്ചു പ്രതികരിക്കാൻ പ്രതിരോധ മന്ത്രാലയം തയാറായിട്ടില്ല. ഈ മാസം തന്നെ മുൻ റിപ്പോർട്ടുകളെല്ലാം വെബ്സൈറ്റിൽ തിരികെയെത്തുമെന്നാണു മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്.