പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും രംഗത്ത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രത്യക്ഷ സമരം താൽക്കാലികമായി പിൻവലിച്ചതായി യുഡിഎഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമരവുമായി യുഡിഎഫ് തെരുവിലിറങ്ങിയത്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല പറഞ്ഞു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റ് നോർത്ത് ഗേറ്റിലാണ് അവസാനിച്ചത്. പ്രതിപക്ഷ നേതാവിന് പുറമെ യുഡിഎഫ് കൺവീനർ എംഎം ഹസ്സനും യുഡിഎഫ് പ്രതിനിധികളുമുൾപ്പെടെ അഞ്ചു പേരാണ് മാർച്ചിൽ പങ്കെടുത്തത്. സ്വപ്‍ന സുരേഷിന്റെ മൊഴിയിലെ വിശദാംശങ്ങൾ പുറത്തു വന്നതോടെ രാജാവ് നഗ്നനാണെന്നു ബോധ്യപ്പെട്ടതായും മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാർട്ടി നേതൃത്വം ഇടപെട്ട് മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെടണമെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ കയ്യാമം വെച്ച് കൊണ്ടുപോകുന്നത് കാണാൻ ഈ നാടിനു താൽപര്യമില്ലെന്നും എം.എം ഹസ്സനും പറഞ്ഞു.
അതേസമയം വരുന്ന 12−ആം തിയതി സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് സമരം സംഘടിപ്പിക്കും.