വി. മുരളീധരന്‍ ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി

കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ റിപ്പോർട്ട് തേടി. പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ ചുമതലയുള്ള വിദേശകാര്യ ജോയിന്റ് സെക്രട്ടറി അരുൺ കെ. ചാറ്റർജിയിൽ നിന്നാണ് റിപ്പോർട്ട് തേടിയത്. കഴിഞ്ഞ നവംബറിൽ യു.എ.ഇയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ ഔദ്യോഗിക സംഘത്തിലില്ലാതിരുന്ന പി.ആർ ഏജന്റ് സ്മിത മേനോൻ പങ്കെടുത്തതാണ് വിവാദമായത്.
യു.എ.ഇയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ പി.ആർ ഏജന്റായി സ്മിത മേനോൻ പങ്കെടുത്തത് ഏത് സാഹചര്യത്തിലാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിക്കുന്നത്. പാസ്‌പോർട്ട് ചുമതലയുള്ള വിദേശകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി അരുൺ കെ. ചാറ്റർജിയോട് ഇക്കാര്യത്തിലുള്ള റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് തേടി. ഔദ്യോഗിക സംഘത്തിൽ ഉൾപ്പെടാതിരുന്ന ആൾ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തതും യു.എ.ഇയിയിൽ നടന്ന പരിപാടിയിയുടെ ഭാഗമായതും രണ്ടു രാജ്യങ്ങളുടെയും ചട്ടലംഘനമാണെന്നാണ് ആക്ഷേപം. ലോക് താന്ത്രിക് ദൾ യുവജന നേതാവ് സലീം മടവൂർ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.
സ്മിത മേനോൻ തന്റെ അനുമതിയോടെയല്ല പരിപാടിയിൽ പങ്കെടുത്തതെന്നായികുന്നു ആദ്യം വി. മുരളീധരൻ വിശദീകരിച്ചത്. എന്നാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ വി. മുരളീധരൻ അനുമതി നൽകിയെന്ന് സ്മിത മേനോൻ ഫേസ്ബുക്ക് കുറിപ്പിട്ടതോടെ മന്ത്രി നിലപാട് മാറ്റി. യു.എ.ഇയിലെ സമ്മേളനം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സ്മിത മേനോൻ മഹിളാമോർച്ച സംസ്ഥാന സെക്രട്ടറിയായി നിയമിക്കപ്പെട്ടത് ബി.ജെ.പിയിലും വിവാദമായിട്ടുണ്ട്. പാർട്ടി ഭാരവാഹിയായ ശേഷമാണ് സ്മിതയെക്കുറിച്ച് അറിയുന്നതെന്ന് എം.ടി രമേശ് കഴിഞ്ഞ ദിവസം പറഞ്ഞത് ഈ അതൃപ്തിയുടെ പ്രകടനമാണ്.