ടെലിവിഷനുകളിലെ ടിആർപി: നിർത്തുകയോ മെച്ചപ്പെടുത്തുകയോ വേണമെന്ന് മന്ത്രി

ന്യൂഡൽഹി: വാർത്താ ചാനലുകൾ ഉൾപ്പെടെ ടെലിവിഷനിലെ ജനപ്രീതി കണക്കാക്കുന്ന ടിആർപി (ടെലിവിഷൻ റേറ്റിംഗ് പോയിന്‍റ്) സന്പ്രദായം നിർത്താലാക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യണമെന്ന് കേന്ദ്രസർക്കാർ. ദിനപത്രങ്ങൾ അടക്കമുള്ള അച്ചടി മാധ്യമങ്ങളിലെ വാർത്തകളും മറ്റും പരിശോധിക്കാൻ അർദ്‍ധ ജുഡീഷ്യൽ സംവിധാനമായ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഉണ്ടെങ്കിലും ടിവി ചാനലുകൾക്കു ഫലപ്രദമായ സംവിധാനമില്ലെന്നു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ മാത്രം പരിശോധിച്ചാൽ ഒഴിവാക്കാവുന്ന ടിആർപി റേറ്റിംഗ് നിർത്തുകയോ, മെച്ചപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു. പ്രകോപനപരമായ പരിപാടികൾക്കു ടിആർപി കാരണമാകരുത്. അതു ജേണലിസമല്ല. ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനം ഉണ്ടായിരിക്കണം. ആ ഉത്തരവാദിത്തം ഉള്ളിൽ നിന്നാണു വരേണ്ടത്− ഡൽഹിയിൽ ആർഎസ്എസ് പ്രസിദ്ധീകരണം സംഘടിപ്പിച്ച പരിപാടിയിൽ ജാവ്‌ദേക്കർ പറഞ്ഞു.
ടെലിവിഷൻ, ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധികാരപരിധിയിലുള്ള ഒരു മീഡിയ കൗൺസിൽ രൂപീകരിക്കാന്‍ പ്രസ് കൗൺസിൽ (പിസിഐ) ശുപാർശ ചെയ്തിരുന്നു. എന്നാൽ ടിവി വ്യവസായം ഇതിനെ എതിർത്തു. നാഷണൽ ബ്രോഡ്കാസ്റ്റർ അസോസിയേഷൻ പോലുള്ള ഒരു സ്വയം നിയന്ത്രണ സംഘടനയാണ് അവർ തെരഞ്ഞെടുത്തത്. എന്നാലിത് എത്രത്തോളം ഫലപ്രദമാണ്? എല്ലാ ടെലിവിഷൻ ചാനലുകളും അതിൽ അംഗമായിട്ടുമില്ല. അതിന്‍റെ ഭാഗമല്ലാത്തവർ നിയന്ത്രണങ്ങൾ ശ്രദ്ധിക്കുന്നില്ല. എല്ലാവരേയും ഒരുമിച്ചു കൊണ്ടുവരാൻ എന്തുചെയ്യണമെന്നും മന്ത്രി ചോദിച്ചു.