മദ്യം കിട്ടിയില്ല, പകരം സാനിറ്റൈസർ കുടിച്ചു: ആന്ധ്രാപ്രദേശിൽ 9 മരണം

അമരാവതി: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ കുറിച്ചേടിൽ മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച 9 പേർ മരിച്ചു. കഴിഞ്ഞ പത്ത് ദിവസങ്ങളായി കുടിവെള്ളത്തിലും മറ്റ് പാനീയങ്ങളിലും ചേർത്ത് ഇവർ സാനിറ്റൈസർ കുടിച്ചിരുന്നതായി മരിച്ചവരുടെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ കുറിച്ചേട് പ്രദേശം നിലവിൽ ലോക്ക്ഡൗണിലാണ്. പ്രദേശത്തെ മദ്യവിൽപ്പന ശാലകളും അടഞ്ഞു കിടക്കുകയാണ്. മദ്യം കിട്ടാതായതോടെ ആൽക്കഹോളിന്റെ അംശം ഉണ്ടെന്നിരിക്കെയാണ് ഇവർ മദ്യത്തിന് പകരം ഇവർ സാനിറ്റൈസർ കുടിച്ചതെന്നാണ് നിഗമനം. പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപമുള്ള രണ്ട് ഭിക്ഷാടകരെയാണ് ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അത്. ഇവരിൽ ഒരാൾക്ക് സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. അബോധാവസ്ഥയിൽ കഴിഞ്ഞ രണ്ടാമത്തെയാളെ ദാർസിയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൊട്ടുപിന്നാലെ കുറിച്ചേട് സ്വദേശിയായ മറ്റൊരാളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളും വൈകാതെ മരിച്ചു. മറ്റ് ആറ് പേർ ഇന്ന് രാവിലെയോടെയാണ് മരിച്ചത്. സാനിറ്റൈസർ കുടിച്ച് ഗുരുതരാവസ്ഥയിലായ രണ്ട് പേർ ചികിത്സയിലാണ്.