2016-ലെ പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട ഇൻഷയ്ക്ക് 41.16 ലക്ഷം രൂപ നഷ്ടപരിഹാരം


ശാരിക

ജമ്മു കശ്മീർ: 2016-ലെ പ്രക്ഷോഭത്തിനിടയിൽ പെല്ലറ്റ് ഗൺ ആക്രമണത്തിന് ഇരയായി കാഴ്ച നഷ്ടപ്പെട്ട ഇൻഷ മുഷ്താഖിന് ജമ്മു കശ്മീർ സർക്കാർ സാമ്പത്തിക സഹായം അനുവദിച്ചു. മുൻപ് അനുവദിച്ച തുകയ്ക്ക് പുറമെ, ബാക്കി വന്ന 41.16 ലക്ഷം രൂപ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ നേതൃത്വത്തിൽ അനുവദിച്ചതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി സതീഷ് ശർമ്മ അറിയിച്ചു. നഷ്ടപരിഹാരം ലഭിച്ചതിന് പിന്നാലെ, തന്റെ ജീവിതം തകർന്നതുപോലെ മറ്റാരുടെയും ജീവിതം തകരാതിരിക്കാൻ ഇന്ത്യയിൽ എവിടെയും ഇനി പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കരുതെന്നും അത് പൂർണ്ണമായും നിരോധിക്കണമെന്നും ഇൻഷ പ്രതികരിച്ചു.

2016 ജൂലൈയിൽ വീടിന്റെ ജനാലയ്ക്കരികിലിരുന്ന് എട്ടാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് പതിനാലുകാരിയായ ഇൻഷയ്ക്ക് നേരെ പെല്ലറ്റ് ഏൽക്കുന്നത്. മുഖത്തും തലയോട്ടിയിലും ഗുരുതരമായ പരിക്കേറ്റ ഇൻഷയ്ക്ക് ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തിയിട്ടും രണ്ട് കണ്ണുകളുടെയും കാഴ്ച വീണ്ടെടുക്കാനായില്ല. 2010 മുതൽ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ കശ്മീരിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിരുന്നുവെങ്കിലും, 2016-ലെ സംഘർഷകാലത്ത് ഇതിന്റെ ഉപയോഗം വ്യാപകമാവുകയും ആയിരക്കണക്കിന് ആളുകൾക്ക് കാഴ്ച വൈകല്യങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.

കാഴ്ച നഷ്ടപ്പെട്ടതിന്റെ തിരിച്ചടികൾ മറികടന്ന് 2018-ൽ റൈറ്ററുടെ സഹായത്തോടെ പത്താം ക്ലാസ് പാസായ ഇൻഷ നിലവിൽ ബിരുദ പഠനത്തിന്റെ അവസാന വർഷത്തിലാണ്. 2018-ൽ അന്നത്തെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വയംപര്യാപ്തതയ്ക്കായി ഇൻഷയ്ക്ക് ഗ്യാസ് ഏജൻസി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് പൂർണ്ണമായി നടപ്പിലായിരുന്നില്ല. നിലവിലെ തീരുമാനത്തോടെ വൈകിയാണെങ്കിലും അർഹമായ സഹായം ലഭ്യമാക്കിയതിൽ ഇൻഷയും കുടുംബവും മുഖ്യമന്ത്രി ഉമർ അബ്ദുല്ലയ്ക്ക് നന്ദി അറിയിച്ചു.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed