കനത്ത മഴയിൽ നടുങ്ങി കേരളം: മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും മരണം ഒമ്പതായി
ഷീബ വിജയൻ
മലപ്പുറം/ഇടുക്കി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്തിറങ്ങിയ ശക്തമായ മഴയിലും തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടം. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ദുരന്തങ്ങളിൽ മരണം ഒമ്പതായി ഉയർന്നു.
മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം ടി.കെ. കോളനി കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എടരിക്കോട് സ്വദേശി അനസ് മങ്ങാടൻ, തിരൂർ സ്വദേശി മുഹമ്മദ്‌കുട്ടി, കരുവാരകുണ്ട് സ്വദേശി റഹീം, വണ്ടൂർ സ്വദേശി സജ്ജാദ്, ചെട്ടിയാറമ്മൽ സ്വദേശി റഫീഖ് എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട പ്രാദേശികവാസി സജിതയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള സംഘം അപകടത്തിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് മുപ്പതോളം പേരെ രക്ഷപ്പെടുത്തി. ദുരന്തമേഖല മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിക്കും.
ഇടുക്കിയിലും കോട്ടയത്തും മണ്ണിടിച്ചിലിൽ വൻ ദുരന്തമാണുണ്ടായത്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വേലത്തുശ്ശേരിയിൽ സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചെന്നൈ സ്വദേശിനി സംഗീത മരിച്ചു. പൂഞ്ഞാറിൽ വീടിന് മുകളിലേക്ക് മണ്ണു വീണ് 80-കാരനായ ജോസഫും, ഇടുക്കി വട്ടവട കൊട്ടക്കാമ്പൂരിൽ കൃഷിയിടത്തിലെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സഹോദരങ്ങളായ ബാലകൃഷ്ണൻ, ചിന്നു എന്നിവരും ജീവൻ വെടിഞ്ഞു.
ഇടുക്കി കൊട്ടക്കാമ്പൂരിൽ പാലം ഒലിച്ചുപോയതിനെ തുടർന്ന് മുപ്പതോളം കുടുംബങ്ങളും നൂറോളം വിനോദസഞ്ചാരികളും ഒറ്റപ്പെട്ടിരിക്കുകയാണ്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഇടുക്കിയിലെ മലയോര മേഖലകളിൽ വൈകിട്ട് 7 മുതൽ രാവിലെ 6 വരെ രാത്രികാല യാത്രാ നിരോധനവും പഴയ മൂന്നാറിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
#KeralaRains #NilamburFlood #IdukkiLandslide #4PMNews
vccxvvcxcvx

