മുംബൈ കോസ്റ്റൽ റോഡിൽ നിയന്ത്രണം വിട്ട ബി.എം.ഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ശാരിക
മുംബൈ: മുംബൈയിലെ കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് 75 അടി താഴ്ചയിലേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ 5.20-ഓടെ ലാലാ ലജ്പത് റായ് കോളജിന് എതിർവശമുള്ള ലോട്ടസ് ജെട്ടിക്ക് സമീപമാണ് നടുക്കുന്ന അപകടമുണ്ടായത്.
മറൈൻ ഡ്രൈവിൽ നിന്ന് ഹാജി അലി ഭാഗത്തേക്ക് പോവുകയായിരുന്ന ബി.എം.ഡബ്ല്യു കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് കോസ്റ്റൽ റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് സംരക്ഷണ ബാരിക്കേഡ് തകർത്ത് ഫ്ലൈഓവറിൽ നിന്ന് 75 അടിയോളം താഴ്ചയിലേക്ക് കൂപ്പുകുത്തുകയുമായിരുന്നുവെന്ന് കോസ്റ്റൽ റോഡ് കൺട്രോൾ റൂം അധികൃതർ വ്യക്തമാക്കി.
അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന നാല് പേരെയും സമീപത്തെ നായർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഷനായ് ഗജ്ജൽ (21), ധൈര്യ സേത്ത് (17), ആദിത്യ ജകമാനിയ (19) എന്നിവരാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ആദിത്യ ഓസ്വാൾ (23) നായർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട നാലുപേരും വിദ്യാർത്ഥികളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ccdsds

