ബഹ്‌റൈൻ - യൂറോപ്യൻ യൂണിയൻ സൗഹൃദം ശക്തമാക്കും; യൂറോപ്യൻ പാർലമെന്റ് പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തി ബഹ്റൈൻ പ്രധാനമന്ത്രി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക-പാർലമെന്ററി സഹകരണവും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ചർച്ച ചെയ്യുന്നതിനായി യൂറോപ്യൻ പാർലമെന്റ് ഉയർന്നതല പ്രതിനിധി സംഘം ബഹ്‌റൈനിലെ പ്രമുഖ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. അറബ് പെനിൻസുലയുമായുള്ള ബന്ധങ്ങൾക്കായുള്ള യൂറോപ്യൻ പാർലമെന്റ് ഡെലഗേഷൻ ചെയർമാൻ റെയ്ൻഹോൾഡ് ലോപാറ്റ്കയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബഹ്‌റൈനിലെത്തിയത്.
റിഫ പാലസിൽ വെച്ച് ബഹ്‌റൈൻ ഡെപ്യൂട്ടി കിംഗും കിരീടാവകാശിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രതിനിധി സംഘത്തെ സ്വീകരിച്ചു. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ കാഴ്ചപ്പാടിന് അനുസൃതമായി യൂറോപ്യൻ യൂണിയനുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രിൻസ് സൽമാൻ വ്യക്തമാക്കി. വ്യാപാരം, സാമ്പത്തികം, നിക്ഷേപം എന്നീ മേഖലകളിൽ കൂടുതൽ സഹകരണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ യൂറോപ്യൻ യൂണിയൻ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഇരുവിഭാഗവും ചർച്ച ചെയ്തു.
തുടർന്ന് ജനപ്രതിനിധി സഭ (കൗൺസിൽ ഓഫ് റെപ്രസെന്റേറ്റീവ്സ്) സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സലേഹ് അൽ സലേഹ് എന്നിവരുമായും പ്രതിനിധി സംഘം വേവ്വേറെ കൂടിക്കാഴ്ചകൾ നടത്തി. ഇറാനിയൻ ആക്രമണങ്ങളെ അപലപിക്കുന്നതിലും ഹോർമൂസ് വഴിയുള്ള അന്താരാഷ്ട്ര നാവിക ഗതാഗതത്തിന്റെയും ഊർജ്ജ സുരക്ഷയുടെയും സംരക്ഷണത്തിനായി നയതന്ത്ര ശ്രമങ്ങൾ നടത്തുന്നതിലും യൂറോപ്യൻ യൂണിയൻ നൽകുന്ന പിന്തുണയെ സ്പീക്കർ അൽ മുസല്ലം അഭിനന്ദിച്ചു. പാർലമെന്ററി നയതന്ത്രം, സിവിൽ സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിലെ ആശങ്കകൾ, പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷ എന്നിവ ശൂറ കൗൺസിൽ ചെയർമാനുമായുള്ള കൂടിക്കാഴ്ചയിൽ വിഷയമായി.
cxvcvc

