സാമ്പത്തിക പ്രതിസന്ധിയിൽ വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹൻ ശർമക്ക് സഹായഹസ്തവുമായി രജനികാന്ത്


ശാരിക

ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വൃദ്ധസദനത്തിൽ കഴിയുന്ന പ്രമുഖ നടനും സംവിധായകനുമായ മോഹൻ ശർമക്ക് സാമ്പത്തിക സഹായവുമായി നടൻ രജനികാന്ത്. ദക്ഷിണേന്ത്യൻ സിനിമാലോകത്ത് പതിറ്റാണ്ടുകളോളം സജീവമായിരുന്ന എൺപതുകാരനായ മോഹൻ ശർമക്ക് രജനികാന്ത് ഒരു ലക്ഷം രൂപ കൈമാറി. നിലവിൽ ചെന്നൈ ഗുംമിടിപൂണ്ടിയിലെ വൃദ്ധസദനത്തിലാണ് അദ്ദേഹം താമസിക്കുന്നത്.

സൗജന്യ താമസവും ഭക്ഷണവും ലഭിക്കുന്നുണ്ടെങ്കിലും മരുന്നുകൾ വാങ്ങാൻ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണെന്ന് വ്യക്തമാക്കുന്ന മോഹൻ ശർമയുടെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പണ്ട് പോയസ് ഗാർഡനിൽ സ്വന്തമായി വീടുണ്ടായിരുന്ന കാര്യവും, കുടുംബജീവിതത്തിലെ പ്രതിസന്ധികൾ കാരണം വീട് വിൽക്കേണ്ടി വന്നതും അദ്ദേഹം വിഡിയോയിൽ ഓർത്തെടുത്തു. തന്റെ ദേശീയ പുരസ്കാരം നേടിയ 'നമ്മ ഗ്രാമം' എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങാൻ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനുമുമ്പ് അവർ അന്തരിച്ചത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 170-ലധികം സിനിമകളിൽ അഭിനയിക്കുകയും 15-ഓളം ചിത്രങ്ങൾ നിർമിക്കുകയും ചെയ്ത വ്യക്തിയാണ് മോഹൻ ശർമ. സച്ചിൻ, ഫ്രണ്ട്സ്, പാർത്ഥിപൻ കനവ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ചലച്ചിത്ര പ്രവർത്തകർക്ക് അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ സംഘടനകൾ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, തന്റെ ചികിത്സാ ചെലവുകൾക്കായി 'നമ്മ ഗ്രാമം' ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് വാങ്ങി സഹായിക്കണമെന്നും സിനിമാലോകത്തോട് അഭ്യർത്ഥിച്ചു.

article-image

dsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed