ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും സി.എസ്.ആർ. എക്‌സലൻസ് അവാർഡുകളും പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പ്രമുഖ വനിതാ കൂട്ടായ്മയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) പ്രവർത്തനങ്ങളുടെ 70 വർഷം തികയുന്ന വേളയിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും പ്രഥമ സി.എസ്.ആർ. എക്‌സലൻസ് അവാർഡുകളും പ്രഖ്യാപിച്ചു. ഇൻജാസ് ബഹ്‌റൈൻ ചെയർപേഴ്‌സണും സുപ്രീം കൗൺസിൽ ഫോർ വുമൺ അംഗവുമായ ഷെയ്ഖ ഹിസ്സ ബിൻത് ഖലീഫ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പ്ലാറ്റിനം ജൂബിലി ഗാലയും പുരസ്‌കാര സമർപ്പണവും സംഘടിപ്പിക്കുന്നത്.
2026 ഡിസംബർ 10 വ്യാഴാഴ്ച ഗൾഫ് ഹോട്ടലിലെ ഗൾഫ് കൺവെൻഷൻ സെന്ററിലാണ് പ്രധാന ചടങ്ങുകൾ നടക്കുക. ജീവകാരുണ്യം, സാംസ്‌കാരിക വിനിമയം, സാമൂഹിക പിന്തുണ എന്നീ മേഖലകളിൽ അസോസിയേഷൻ നടത്തുന്ന ഏഴ് പതിറ്റാണ്ട് നീണ്ട സേവനങ്ങളെ അനുസ്മരിക്കുന്നതായിരിക്കും ആഘോഷങ്ങൾ.
പത്രസമ്മേളനത്തിൽ ഐ.എൽ.എ. പ്രസിഡന്റ് സ്മിത ജെൻസൻ, പ്ലാറ്റിനം ജൂബിലി കോ-ചെയർമാരായ ശാരദ അജിത്, മീര രവി, സി.എസ്.ആർ. അവാർഡ് കമ്മിറ്റി ലീഡ് രേഖ ഉത്തം, അംഗം കവിതശ്രീ, നോളജ് പാർട്ണറായ കെ.പി.എം.ജി. ഫഖ്‌റോയുടെ മുതിർന്ന പ്രതിനിധികൾ, ഐ.എൽ.എ. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി മൂന്ന് പ്രധാന വിഭാഗങ്ങൾ ഉണ്ടായിരിക്കും. സാംസ്‌കാരിക പരിപാടികളും ലൈവ് ഫ്യൂഷൻ സംഗീതവും ഉൾപ്പെടുത്തിയ പ്ലാറ്റിനം ജൂബിലി ഗാല ആഘോഷ രാത്രിയാണ് ഇതിൽ പ്രധാനം. കൂടാതെ, ബഹ്‌റൈനിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രഥമ ഐ.എൽ.എ. സി.എസ്.ആർ. എക്‌സലൻസ് അവാർഡ് 2026 സമ്മാനിക്കും. വനിതാ ശാക്തീകരണം, സുസ്ഥിര പരിസ്ഥിതി പദ്ധതികൾ, മികച്ച സി.എസ്.ആർ. കമ്പനി, വുമൺ ഓഫ് ഇംപാക്ട് ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകു. ഐ.എൽ.എ.യുടെയും ബഹ്‌റൈനിലെ മറ്റ് വനിതാ കൂട്ടായ്മകളുടെയും ചരിത്രവഴികൾ രേഖപ്പെടുത്തുന്ന പ്ലാറ്റിനം ജൂബിലി സ്മരണിക പ്രകാശനവും ചടങ്ങിൽ നടക്കും.
ചടങ്ങിൽ നിന്നുള്ള ലാഭം പൂർണ്ണമായും ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഐ.എൽ.എ. പി.ആർ. സെക്രട്ടറി ടെസി ചെറിയാനുമായി (3683 3254) ബന്ധപ്പെടാം.
cx c cx

