മയക്കുമരുന്ന് കടത്തിന് ട്രക്ക് ഡ്രൈവർക്ക് 15 വർഷം തടവും 10,000 ദീനാർ പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: വിൽപ്പനയ്ക്കായി വിദേശത്ത് നിന്ന് കെറ്റാമൈനും സിന്തറ്റിക് കന്നാബിനോയിഡുകളും കൈവശം വെച്ച കേസിൽ ട്രക്ക് ഡ്രൈവറായ ഫിലിപ്പീൻസ് സ്വദേശിക്ക് 15 വർഷം തടവും 10,000 ദീനാർ പിഴയും വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും കേസിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
നിയന്ത്രണമില്ലാത്ത സി.ബി.ഡി. ഓയിൽ കലർത്തിയ 50 ഷീറ്റ് പേപ്പറുകളും 18.8 ഗ്രാം കെറ്റാമൈനും അടങ്ങിയ തപാൽ പാഴ്‌സൽ സ്വീകരിക്കുന്നതിനിടെയാണ് 30-കാരനായ പ്രതി പൊലീസിന്റെ പിടിയിലാകുന്നത്. തുടർന്ന് ഇയാളുടെ കൂട്ടുപ്രതികളെ പിടികൂടാനായി പൊലീസ് നടത്തിയ രഹസ്യ നീക്കം പ്രതിയുടെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് പരാജയപ്പെടുകയായിരുന്നു. അന്വേഷണത്തിനിടെ ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചതോടെ പൊലീസ് സംഘത്തിന് ആസൂത്രിത മിന്നൽ പരിശോധന തുടരാനായില്ല.
ചോദ്യം ചെയ്യലിൽ 'അനസ്' എന്നയാൾക്ക് വേണ്ടിയാണ് പാഴ്‌സൽ വാങ്ങിയതെന്നും, ലഭിക്കുന്ന ലഹരിവസ്തുക്കൾ ചെറുപാക്കറ്റുകളാക്കി മാറ്റി നിർദ്ദേശിക്കുന്ന ജി.പി.എസ്. ലൊക്കേഷനുകളിൽ എത്തിച്ചുനൽകുകയാണ് തന്റെ ജോലിയെന്നും ഇയാൾ സമ്മതിച്ചു. തുടർന്ന് പ്രതിയുടെ ഗുദൈബിയയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 500.7 ഗ്രാം സി.ബി.ഡി. ഓയിൽ, 32 ലഹരി സിഗരറ്റുകൾ (joints), കഞ്ചാവ്, ക്രിസ്റ്റൽ മെത്ത് (ഷാബു) എന്നിവയും, ലഹരിവസ്തുക്കൾ അളക്കാൻ ഉപയോഗിച്ചിരുന്ന മൂന്ന് ഡിജിറ്റൽ ത്രസസുകളും സിറിഞ്ചും കണ്ടെടുത്തു.
dfsdfsdfs

