എൽഡൊറാഡോ വേട്ട! കുവൈത്തിൽ വീണ്ടും 7 ലക്ഷം ലഹരിഗുളികകൾ വലയിലായി
ശാരിക
കുവൈത്ത് സിറ്റി: കുവൈത്തും ഇറാഖും സഹകരിച്ച് നടത്തിയ ഓപറേഷനിൽ വൻ മയക്കുമരുന്ന് വേട്ട. ഏഴ് ലക്ഷം മയക്കുമരുന്ന് ഗുളികകളാണ് പിടികൂടിയത്. കാപ്റ്റഗൺ ഗുളികകളുമായാണ് രണ്ട് പേരെ പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കബ്ദിലെ കന്നുകാലി ഫാമുകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അറബ് പൗരനായ ഒരാളും കുവൈത്തിൽ അനധികൃതമായി താമസിച്ചിരുന്ന മറ്റൊരാളും അറസ്റ്റിലായി. ഇവരുടെ കൈവശമാണ് വൻതോതിലുള്ള കാപ്റ്റഗൺ ഗുളികകൾ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഗുളികകൾ തങ്ങളുടേതാണെന്നും വിൽപ്പനയ്ക്കായി തയാറാക്കി വെച്ചതാണെന്നും പ്രതികൾ സമ്മതിച്ചതായി കുവൈത്ത് മന്ത്രാലയം വ്യക്തമാക്കി.
അറസ്റ്റിലായവരെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. മയക്കുമരുന്ന് കടത്തുകാരെ പിടികൂടുന്നതിനും അവരുടെ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനും അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സമൂഹത്തെ സംരക്ഷിക്കുന്നതിനും മയക്കുമരുന്നിനെതിരായ സംയുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇത്തരം സഹകരണം സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
swswssa

