ഇന്ത്യ അതിവേഗം വാർദ്ധക്യത്തിലേക്ക്; ജനസംഖ്യാ നിയന്ത്രണ നയങ്ങൾ ഉടച്ചുവാർക്കണമെന്ന് റിപ്പോർട്ട്
ശാരിക
ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണത്തെ നയപരമായ ലക്ഷ്യമായി കാണുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നും മാറുന്ന ജനസംഖ്യാ ഘടന കണക്കിലെടുത്ത് കുടുംബക്ഷേമ നയങ്ങൾ പുനഃക്രമീകരിക്കണമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ. രാജ്യത്തെ ജനനനിരക്ക് (ടിഎഫ്ആർ) റീപ്ലേസ്മെന്റ് നിരക്കിനും വളരെ താഴെപ്പോയ സാഹചര്യത്തിലാണ് ഈ നിർദേശം. ഇഎസി-പിഎം ഡയറക്ടർ ആകാംക്ഷ അറോറ, കൺസൾട്ടന്റ് വിരാട് സിങ് എന്നിവർ ചേർന്ന് തയ്യാറാക്കിയ 'ദി ഗോസ്റ്റ് ഓഫ് പോപ്പുലേഷൻ പാസ്റ്റ്: ഹൗ പോപ്പുലേഷൻ കൺട്രോൾ പെർസിസ്റ്റ്‌സ് ഇൻ ഇന്ത്യ' എന്ന റിപ്പോർട്ട് പങ്കുവെച്ചുകൊണ്ടാണ് സഞ്ജീവ് സന്യാൽ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ജനനനിരക്ക് താഴേക്ക് പോകുന്നത് വരുംനാളുകളിൽ പ്രായമായവരുടെ എണ്ണം വർധിക്കുന്നതിനും ഗുരുതരമായ ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്കും വഴിവെക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിലെ ജനനനിരക്ക് ഇപ്പോൾ റീപ്ലേസ്മെന്റ് നിരക്കിലും വളരെ താഴെയാണെന്നും രാജ്യത്തെ ചില പ്രദേശങ്ങളിലെ സ്ഥിതി യൂറോപ്യൻ രാജ്യങ്ങൾക്കും കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കും സമാനമായ നിലയിലെത്തിയെന്നും സന്യാൽ ചൂണ്ടിക്കാട്ടി. 2001-ൽ പ്രതിവർഷം 2.9 കോടിയായി ഉയർന്ന സജീവ ജനനങ്ങളുടെ എണ്ണം ഇപ്പോൾ 2.3 കോടിയിലും താഴെയായി ചുരുങ്ങി. യുവാക്കളുടെ വലിയ ജനസംഖ്യ സൃഷ്ടിച്ച 'ഡെമോഗ്രാഫിക് മൊമെന്റം', മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങൾ, ഉയർന്ന ആയുർദൈർഘ്യം, ജീവിതനിലവാരത്തിലെ പുരോഗതി എന്നിവ കാരണമാണ് നിലവിൽ രാജ്യത്തെ ജനസംഖ്യയിൽ വർധനവ് രേഖപ്പെടുത്തുന്നത്.
അതേസമയം ജനസംഖ്യാ നിയന്ത്രണ നടപടികൾ പല സർക്കാർ നയങ്ങളിലും ഇപ്പോഴും ശക്തമായി തുടരുകയാണെന്ന് പഠനം വ്യക്തമാക്കുന്നു. ജനനനിരക്ക് കൂട്ടാൻ ശ്രമിക്കുന്ന ചില സംസ്ഥാനങ്ങളിൽപ്പോലും പഴയ നിയന്ത്രണ നയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ നയപരമായ പൊരുത്തക്കേടുകൾ അടിയന്തരമായി തിരുത്തണമെന്നാണ് റിപ്പോർട്ടിന്റെ ആവശ്യം. ജനസംഖ്യാ നിയന്ത്രണം ഏർപ്പെടുത്തി ദീർഘകാല പ്രത്യാഘാതങ്ങൾ അനുഭവിച്ച ചൈനയുടെ സ്ഥിതിയോട് ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തെ റിപ്പോർട്ട് ഉപമിക്കുന്നുണ്ട്. മുൻകാലത്തെ ഉയർന്ന ജനസംഖ്യാ വർധനവ് മുൻനിർത്തി തയ്യാറാക്കിയ നയങ്ങൾ മാറ്റമില്ലാതെ തുടർന്നാൽ ഇന്ത്യയും ചൈനയ്ക്ക് സമാനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്തെ ജനനനിരക്ക് കുറയുന്ന പശ്ചാത്തലത്തിൽ ജനസംഖ്യ ചുരുക്കുക എന്നത് ഇനി ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി തുടരരുതെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ഉള്ളടക്കം. ജനനനിരക്ക് ഇനിയും അടിച്ചമർത്താൻ ശ്രമിക്കുന്നത് രാജ്യം അതിവേഗം വാർധക്യബാധിത സമൂഹമായി മാറുന്നതിന് ആക്കം കൂട്ടുമെന്നും, അതിനാൽ ജനസംഖ്യാ നിയന്ത്രണത്തിന് പകരം ഉയർന്നുവരുന്ന യാഥാർഥ്യങ്ങൾക്ക് അനുസൃതമായി കുടുംബക്ഷേമ നയങ്ങൾ ഉടച്ചുവാർക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
erdsdsds

