തുളു ഇനി കർണാടകയിൽ രണ്ടാം ഔദ്യോഗിക ഭാഷ; ദക്ഷിണ കന്നഡയുടെ പേര് 'മംഗളൂരു' ; 32,611 കോടിയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് കർണാടക സർക്കാർ
ശാരിക
മംഗളൂരു: ബി.ജെ.പി.യുടെ ശക്തമായ കോട്ടയായ തീരദേശ കർണാടകയിൽ സ്വാധീനമുറപ്പിക്കാൻ ലക്ഷ്യമിട്ട് നിർണ്ണായക പ്രഖ്യാപനങ്ങളുമായി കർണാടക സർക്കാരും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും. ഭരണം 100 ദിവസം പിന്നിട്ടതിന്റെ ഭാഗമായി ഇന്നലെ മംഗളൂരുവിൽ വെച്ച് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മേഖലയുടെ പ്രാദേശിക വികാരങ്ങളെയും വികസനത്തെയും തൊട്ടുണർത്തുന്ന വൻ തീരുമാനങ്ങൾ കൈക്കൊണ്ടത്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ തുളു ഭാഷയെ കന്നഡയ്ക്ക് ഒപ്പം രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തുളു ഭാഷയുടെ പ്രചാരണത്തിനും വളർച്ചയ്ക്കുമായി പ്രതിവർഷം 82 ലക്ഷം രൂപ അനുവദിക്കും. കൂടാതെ, 'ദക്ഷിണ കന്നഡ' ജില്ലയുടെ പേര് 'മംഗളൂരു' എന്ന് പുനർനാമകരണം ചെയ്യാനും യോഗത്തിൽ അന്തിമ തീരുമാനമായി.
തീരദേശ മേഖലയുടെ സർവ്വതോന്മുഖമായ മുന്നേറ്റത്തിനായി 32,611 കോടി രൂപയുടെ ബൃഹത്തായ വികസന പാക്കേജിനാണ് സർക്കാർ അംഗീകാരം നൽകിയത്. പുത്തൂരിൽ പുതിയ മെഡിക്കൽ കോളേജ്, മംഗളൂരു ഫിഷറീസ് കോളേജിനെ സർവ്വകലാശാലയാക്കി ഉയർത്തൽ, പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും വികസനവും എന്നിവയൊക്കെയും ഈ പാക്കേജിന്റെ ഭാഗമാണ്. സിദ്ധരാമയ്യയുടെ 'അഹിന്ദ' വോട്ട് ബാങ്കിനൊപ്പം പ്രാദേശിക വികാരങ്ങളും ഹൈന്ദവ സ്വാധീനവും മുൻനിർത്തി വരുന്ന തിരഞ്ഞെടുപ്പുകളിൽ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
dxddxzdsa

