തെരുവുനായ ശല്യത്തിനെതിരെ വേറിട്ട പ്രതിഷേധം; പഞ്ചായത്ത് ഓഫീസറുടെ മേശപ്പുറത്തേക്ക് നായകളെ തുറന്നുവിട്ടു
ശാരിക
നാസിക്: തെരുവുനായ ശല്യത്തിനെതിരെ മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാദ് നഗർ പഞ്ചായത്ത് ഓഫീസിൽ നായകളെ തുറന്നുവിട്ടായിരുന്നു പ്രതിഷേധക്കാരുടെ അമർഷം. ശിവസേന (യുബിടി) യുവജനവിഭാഗമായ യുവസേനയുടെ ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെയുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
ചാക്കിലാക്കിക്കൊണ്ടുവന്ന രണ്ട് നായകളെ നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസർ ധീരജ് ഭമ്രെയുടെ മേശപ്പുറത്തേക്ക് പ്രതിഷേധക്കാർ തുറന്നുവിടുകയായിരുന്നു. ചീഫ് ഓഫീസർ ടെൻഡർ നടപടികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോപിച്ച് 20 രൂപ നോട്ട് കൊണ്ടുണ്ടാക്കിയ മാല ഉദ്യോഗസ്ഥന്റെ കഴുത്തിലിടാനും രന്ധവെ ശ്രമിച്ചു. കഴിഞ്ഞ ആറുമാസമായി തെരുവുനായ ശല്യത്തെക്കുറിച്ച് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് കടന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പഞ്ചായത്ത് പരിധിയിൽ നാനൂറോളം തെരുവുനായ്ക്കളുണ്ടെന്നും പ്രതിമാസം നൂറോളം പേർക്ക് കടിയേൽക്കുന്നുണ്ടെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ഓഫീസിലേക്ക് കൂടുതൽ നായകളെ കൊണ്ടുവരുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഒടുവിൽ പോലീസ് സാന്നിധ്യത്തിൽ വിഷയത്തിന് അടിയന്തര പരിഹാരം കാണാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
sdfsdf

