ഐ.വൈ.സി.സി. ബഹ്‌റൈൻ സംഘടിപ്പിച്ച “വിസ്മയത്തിന്റെ നൂറ് ദിനങ്ങൾ” ശ്രദ്ധേയമായി: മുഖ്യപ്രഭാഷണം നടത്തി അഡ്വ. ഷാനിമോൾ ഉസ്മാൻ
പ്രദീപ് പുറവങ്കര
മനാമ: പ്രവാസികൾ നേരിടുന്ന ന്യായമായ ആശങ്കകളും പ്രശ്നങ്ങളും കേരള നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ . രണ്ടു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ അവർ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ഉമ്മുൽ ഹസ്സത്തിലെ ബാങ്കോക് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച “വിസ്മയത്തിന്റെ നൂറ് ദിനങ്ങൾ” പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
ഉത്സവ സീസണുകളിലെ അമിത വിമാനക്കൂലി, പാസ്‌പോർട്ട് പുതുക്കുന്നതിലെ കാലതാമസം, പ്രവാസി പുനരധിവാസ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പ് എന്നീ വിഷയങ്ങളാണ് പ്രവാസി സമൂഹം പ്രധാനമായും ഡെപ്യൂട്ടി സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രവാസികളുടെ നൈപുണ്യവും അനുഭവസമ്പത്തും ഉപയോഗപ്പെടുത്തി നാട്ടിൽ കൂടുതൽ തൊഴിൽ-സംരംഭകത്വ അവസരങ്ങൾ ഒരുക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. പ്രവാസികളുടെ പ്രശ്നങ്ങൾ ജനപ്രതിനിധികളിലൂടെ സർക്കാരിന് മുന്നിലെത്തിക്കാൻ ഇത്തരം കൂടിക്കാഴ്ചകൾ അത്യന്താപേക്ഷിതമാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.
ഐ.വൈ.സി.സി. ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സലിം അബൂതാലിബ് സ്വാഗതം ആശംസിച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗം വിൻസു കൂത്തപ്പള്ളി ആശംസകൾ അർപ്പിച്ചു. ആർട്സ് വിംഗ് കൺവീനർ അനൂപ് തങ്കച്ചൻ പരിപാടികൾ ഏകോപിപ്പിച്ചു. ആക്ടിങ് ട്രഷറർ സന്ദീപ് ശശീന്ദ്രൻ നന്ദി രേഖപ്പെടുത്തി.
adsadsdsaads

