വിസ്മയ കാഴ്ചകളുമായി ഷാർജ സഫാരി വീണ്ടും തുറന്നു; സന്ദർശകരെ സ്വാഗതം ചെയ്ത് 186 കുഞ്ഞതിഥികൾ


ശാരിക

ഷാർജ: ശൈത്യകാലം അടുത്തെത്തിയതോടെ ഷാർജ സഫാരി പാർക്ക് പുതിയ സീസണിനായി ഇന്ന് മുതൽ വീണ്ടും തുറക്കുന്നു. അൽ ദൈദിലെ അൽ ബർദി റിസർവിൽ എട്ട് ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്ക്, ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാർക്കാണ്. ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം ആറുമണി വരെയാണ് പ്രവർത്തന സമയം. സന്ദർശകർക്കായി ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ വിവിധ ടിക്കറ്റ് പാക്കേജുകൾ ലഭ്യമാണ്. ഷാർജയിലെ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റി (ഇ.പി.എ.എ) ആണ് പാർക്കിന്റെ മേൽനോട്ടം വഹിക്കുന്നത്. മൃഗങ്ങളെ അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളിൽ കാണുന്നതിനൊപ്പം, പരിചരണത്തിന് പിന്നിലെ വൈദഗ്ധ്യവും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും സന്ദർശകർക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് ഈ സീസണിന്റെ പ്രധാന ലക്ഷ്യമെന്ന് ഇ.പി.എ.എ ചെയർപേഴ്‌സൺ ആയിശ റാശിദ് ദീമാസ് വ്യക്തമാക്കി.

ഇത്തവണത്തെ സഫാരിയുടെ പ്രധാന ആകർഷണം വലിയൊരു കൂട്ടം കുഞ്ഞു അതിഥികളാണ്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ മാത്രം 186 മൃഗക്കുഞ്ഞുങ്ങളാണ് പാർക്കിൽ ജനിച്ചത്. സൗത്ത് ആഫ്രിക്കൻ ജിറാഫ്, ആന, സിംഹം, ഓറിക്സ്, ബ്ലൂ വൈൽഡ്ബീസ്റ്റ്, ഇംപാല, ന്യാല, സീബ്ര എന്നിവയുടെ കുഞ്ഞുങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, തീവ്ര വംശനാശഭീഷണി നേരിടുന്ന ആറ് റേഡിയേറ്റഡ് ആമക്കുഞ്ഞുങ്ങളും അടുത്തിടെ ഇവിടെ വിരിഞ്ഞിട്ടുണ്ട്. മൃഗങ്ങളെ അടുത്തറിയുന്നതിനായി ഇത്തവണ പ്രത്യേക ‘ബിഹൈൻഡ് ദി സീൻസ്‘ ടൂറുകളും സഫാരിയിൽ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സമയങ്ങളിൽ ലഭ്യമാകുന്ന ഈ ടൂറിലൂടെ മൃഗങ്ങളുടെ ദൈനംദിനം പരിചരണം, അവയുടെ പ്രത്യേക ആവശ്യങ്ങൾ, പാർക്കിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിക്കും.

കഴിഞ്ഞ വർഷം ആഫ്രിക്കൻ സവന്ന ആനക്കുട്ടിയും റിങ്-ടൈൽഡ് ലെമൂർ ഇരട്ടകളും പാർക്കിൽ പിറന്നിരുന്നു. ഇവക്ക് പുറമെ, സന്ദർശകർക്കായി വിജ്ഞാന, വിനോദ പരിപാടികളും പാർക്കിലുണ്ട്. തുറസ്സായ പ്രദേശങ്ങളിൽ മൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്ന കാഴ്ചകൾ കണ്ട് വേറിട്ട അനുഭവത്തിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഷാർജ സഫാരി അറിയിച്ചു.

article-image

dsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed