പരീക്ഷയിൽ ചാറ്റ് ജിപിടി ഉപയോഗിച്ച് കോപ്പിയടി: പിടിയിലായതിന് പിന്നാലെ ഐഐടി ബോംബെ വിദ്യാർത്ഥി ജീവനൊടുക്കി
ശാരിക
മുംബൈ: പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി (ChatGPT) ഉപയോഗിച്ച് കോപ്പിയടിച്ചതിന് പിടിയിലായതിന് പിന്നാലെ ഐഐടി ബോംബെ വിദ്യാർത്ഥി ജീവനൊടുക്കി. എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ സാഹിൽ വക്കോടെയാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. സംഭവത്തിന് പിന്നാലെ ഐഐടി പവായ് ക്യാമ്പസിൽ വിദ്യാർത്ഥികൾ വൻ പ്രതിഷേധം ആരംഭിച്ചു.
പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താൻ ശ്രമിക്കവേയാണ് സാഹിൽ പിടിയിലാകുന്നത്. തുടർന്ന് ഡിപ്പാർട്ട്മെന്റ് മേധാവിയും അധ്യാപകരും വിദ്യാർത്ഥിയുമായി സംസാരിക്കുകയും കൗൺസിലിങ് നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ അച്ചടക്ക നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നും അക്കാദമിക് കരിയറിനെ ബാധിക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നു എന്നുമാണ് ഐഐടി അധികൃതരുടെ വിശദീകരണം.
എന്നാൽ, ഐഐടി ഭരണകൂടം വസ്തുതകൾ മറച്ചുവെക്കുകയാണെന്ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ആരോപിക്കുന്നു. കോപ്പിയടിച്ചതിന് വിദ്യാർത്ഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയിരുന്നതായി സഹപാഠികൾ പറഞ്ഞു. സസ്പെൻഷൻ ഭയവും മാനസിക സമ്മർദ്ദവുമാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
ഐഐടി ബോംബെ ക്യാമ്പസിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. ഈ വർഷം മാത്രം നാല് വിദ്യാർത്ഥികൾ ജീവനൊടുക്കിയതായും ക്യാമ്പസിലെ തുടർച്ചയായ ആത്മഹത്യകളിൽ സുതാര്യമായ അന്വേഷണം വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ ശാന്തമാക്കാൻ ക്യാമ്പസിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
eqwewrewr

