'പാറ്റ പാർട്ടി'യുടെ പ്രതിഷേധത്തിന് ഡൽഹിയിൽ അനുമതി; അഭിജീത് ദീപ്കെ ജന്തർ മന്തറിലെത്തി
ഷീബ വിജയൻ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'പാറ്റ പാർട്ടി' (കോക്രോച്ച് ജനതാ പാർട്ടി - സി.ജെ.പി) ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. യു.എസിൽ നിന്നും രാവിലെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയുമായി പോലീസ് നേരിട്ട് സംസാരിച്ച ശേഷമാണ് അനുമതി നൽകിയത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ ആത്മകഥയുമായി പുറത്തിറങ്ങിയ അഭിജീതും പ്രവർത്തകരും നേരെ ജന്തർ മന്തറിലേക്ക് നീങ്ങി. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ പരീക്ഷാ മൂല്യനിർണ്ണയ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് ആക്ഷേപഹാസ്യ കൂട്ടായ്മയായ സി.ജെ.പി തെരുവിലിറങ്ങുന്നത്. സമാധാനപരമായ പ്രതിഷേധത്തിന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് പോലീസ് സമയം അനുവദിച്ചിരിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളം, പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ജന്തർ മന്തർ എന്നിവിടങ്ങളിൽ ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
DCDSADSSADWAQS

