ലവ് ഇൻ നാഗ്പൂർ: കാമുകിക്ക് ആപ്പിൾ ഫോൺ നൽകാൻ ഗോൾഡൻ ടാപ്പ് അടിച്ച മാറ്റിയ 'റോമിയോമാർ' കുടുങ്ങി!
ഷീബ വിജയൻ
കാമുകിമാർക്ക് വിലകൂടിയ ഐഫോണുകൾ സമ്മാനമായി നൽകാൻ വേണ്ടി ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര ബാത്ത്റൂം ടാപ്പുകൾ മോഷ്ടിച്ച യുവാക്കൾ നാഗ്പൂരിൽ പോലീസിന്റെ പിടിയിലായി. ഏകദേശം 6.5 ലക്ഷം രൂപ വിലവരുന്ന ഡിസൈനർ ടാപ്പുകളാണ് ഇവർ കവർന്നത്. എന്നാൽ ഇതിന്റെ യഥാർത്ഥ മൂല്യം അറിയാതെ വെറും 20,000 രൂപയ്ക്കാണ് പ്രതികൾ മോഷ്ടിച്ച സാധനങ്ങൾ ആക്രിക്കടക്കാരന് വിറ്റത്. നാഗ്പൂരിലെ രാഹുൽ സിറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ് ഗോഡൗണിന്റെ മേൽക്കൂരയിലെ ടിൻ ഷീറ്റുകൾ പൊളിച്ച് മേയ് 27, 28 തീയതികളിലാണ് മോഷണം നടന്നത്. ഗോൾഡ് ടോൺ, റോസ് ഗോൾഡ്, സിൽവർ കളർ തുടങ്ങിയ വിഭാഗങ്ങളിലെ വിലകൂടിയ ടാപ്പുകളാണ് നഷ്ടപ്പെട്ടത്.
ഗോഡൗൺ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. സംഭവസ്ഥലത്തെയും പരിസരത്തെയും മുപ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും രഹസ്യവിവരങ്ങൾ ശേഖരിച്ചുമാണ് പോലീസ് കെണിയൊരുക്കിയത്. കേസിൽ ഒരു പ്രധാന പ്രതിയെയും രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് ഇവർ സമ്മതിച്ചു. മോഷണമുതൽ വാങ്ങിയ ഇർഫാൻ അലി എന്ന ആക്രി വ്യാപാരിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്ന് മോഷണം പോയ മുഴുവൻ ടാപ്പുകളും കണ്ടെടുത്തു.
fgdrddfsdf

