സുപ്രീംകോടതിയും കൈവിട്ടു; നിതിൻ രാജ് ആത്മഹത്യാക്കേസിലെ പ്രതി ഡോ. റാം ഒടുവിൽ പിടിയിൽ


ഷീബ വിജയൻ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ ഓറൽ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എം.കെ റാം ഒടുവിൽ പിടിയിലായി. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ 10നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് കോളേജ് അധ്യാപകരിൽ നിന്നുള്ള കടുത്ത മാനസിക പീഡനങ്ങളെയും ജാതി അധിക്ഷേപങ്ങളെയും തുടർന്ന് ആത്മഹത്യ ചെയ്തത്. ഇതേത്തുടർന്ന് വലിയ രീതിയിലുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നടന്നിരുന്നു. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. കടുത്ത ജനരോഷത്തെ തുടർന്ന് ഇയാളെ കോളേജ് മാനേജ്‌മെന്റ് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.

അധ്യാപകൻ ഒളിവിൽ പോകാൻ കാരണം പോലീസിന്റെ അനാസ്ഥയാണെന്ന് നിതിന്റെ കുടുംബം ആരോപിച്ചിരുന്നു. ഏപ്രിലിൽ ഒളിവിൽ പോയ ഡോ. റാം ക കർണാടകയിലും ആന്ധ്രയിലുമായി ഒളിവിൽ കഴിഞ്ഞ ശേഷം ഒടുവിൽ കേരള അതിർത്തി മേഖലയായ കുടകിലേക്ക് മാറുകയായിരുന്നു. എന്നാൽ, പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെയാണ് ഇയാൾക്ക് മുന്നിലുള്ള വഴികൾ അടഞ്ഞത്. ക്ലാസ് മുറിയിൽ വെച്ച് മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ നിതിൻ രാജ് ക്രൂരമായി അധിക്ഷേപിക്കപ്പെട്ടുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന അധ്യാപകർ കാലം മാറിയെന്ന് തിരിച്ചറിയണമെന്നും, ജാമ്യം നിഷേധിക്കുന്നത് മറ്റ് അധ്യാപകർക്കുള്ള സന്ദേശമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രതിയെ പിടികൂടാത്തതിൽ പോലീസിനെ കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് പ്രത്യേക സംഘം കുടകിൽ വെച്ച് റാമിനെ കസ്റ്റഡിയിലെടുത്തത്.

പ്രതി ഇന്ന് കോടതിയിൽ കീഴടങ്ങാൻ തീരുമാനിച്ചിരുന്നതായും അതിനിടയിലാണ് അറസ്റ്റെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കുന്നത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ലോൺ ആപ്പ് വഴിയെടുത്ത കടത്തിന്റെ സമ്മർദ്ദം നിതിനുണ്ടായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. അതേസമയം നിതിൻ മരിച്ച് നൂറാം ദിനത്തിലാണ് പ്രതി പിടിയിലാകുന്നത്. കേസിൽ ഉൾപ്പെട്ട മറ്റ് അധ്യാപകരെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കുടുംബം ഇന്ന് ഡിജിപിയെ കാണുന്നുണ്ട്.

article-image

adfsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed