വേനൽച്ചൂട് കനക്കുന്നു; നീന്തൽക്കുളങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കി ബഹ്‌റൈൻ അധികൃതർ
പ്രദീപ് പുറവങ്കര
മനാമ: വേനൽക്കാലം കടുക്കുന്ന പശ്ചാത്തലത്തിൽ, ബഹ്‌റൈനിലെ വാണിജ്യ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന നീന്തൽക്കുളങ്ങളിൽ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള വാർഷിക പരിശോധനാ പ്രചാരണം പുനരാരംഭിച്ചു. സ്കൂൾ അവധിക്കാലത്ത് കുടുംബങ്ങൾക്കും കുട്ടികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് മുഹറഖ് ഗവർണറേറ്റിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്.
കൃത്യമായ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഫയർ എക്സ്റ്റിംഗുഷറുകൾ, പ്രഥമശുശ്രൂഷാ കിറ്റുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമത, ഇലക്ട്രിക്കൽ-ഗ്യാസ് ലൈനുകളുടെ സുരക്ഷിതത്വം, വെള്ളത്തിന്റെ ശുദ്ധി എന്നിവ പരിശോധനയിൽ പ്രധാനമായും വിലയിരുത്തുന്നുണ്ട്.
സ്വകാര്യ അല്ലെങ്കിൽ പൊതു നീന്തൽക്കുളങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന് മുൻപ് പ്രസ്തുത സ്ഥാപനത്തിന് ഔദ്യോഗിക ലൈസൻസ് ഉണ്ടെന്നും വെള്ളം പൂർണ്ണമായും ശുദ്ധീകരിച്ചതാണെന്നും പൊതുജനങ്ങൾ ഉറപ്പുവരുത്തണമെന്ന് നാഷണൽ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്‌ഫോം നിർദ്ദേശിച്ചു. ലൈഫ് ജാക്കറ്റുകൾ, ഫസ്റ്റ് എയ്ഡ് സാമഗ്രികൾ, ഫയർ എക്സ്റ്റിംഗുഷറുകൾ എന്നിവ എളുപ്പത്തിൽ കൈയെത്താവുന്ന സ്ഥലത്തുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. അടിയന്തര ഘട്ടങ്ങളിൽ രക്ഷാസേനയെ വിവരം അറിയിക്കുന്നതിനായി നീന്തൽക്കുളത്തിന്റെ കൃത്യമായ ലൊക്കേഷനും വിലാസവും ഫോണിൽ രേഖപ്പെടുത്തി വെക്കണമെന്നും, കുട്ടികൾ വെള്ളത്തിൽ ഇറങ്ങുമ്പോൾ മുതിർന്നവരുടെ കർശനമായ മേൽനോട്ടം ഉണ്ടായിരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നീന്തൽക്കുളങ്ങളിലെ വെള്ളത്തിൽ നിന്നുള്ള രോഗപ്പകർച്ച, വഴുതിവീഴൽ, മുങ്ങിമരണം തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാൻ സ്ഥാപന ഉടമകളും പൊതുജനങ്ങളും ഒരുപോലെ സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധിക്കുന്നത് വരും ദിവസങ്ങളിലും തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
sdfsdf

